| Thursday, 4th July 2024, 8:36 am

ദല്‍ഹിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ മുഖ്യമന്ത്രിയെ അറസ്റ്റുചെയ്യാന്‍ പറയുന്നു: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നവര്‍ കേരളത്തില്‍ മുഖ്യമന്ത്രിയെ പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ പറയുന്നുവെന്ന് മോദി പറഞ്ഞു. രാഷ്ട്രപത്രിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമാകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. ലോക്‌സഭയില്‍ ഉന്നയിച്ച വിമര്‍ശനം രാജ്യസഭയിലും പ്രധാനമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കുമെന്ന് താന്‍ ലോക്‌സഭയില്‍ പ്രഖ്യാപിച്ചപ്പോള്‍ അത് എന്തിനാണെന്ന് ചോദിച്ചവരാണ് ഇപ്പോള്‍ ഭരണഘടന കൈയിലേന്തി നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.

ഭരണഘടനയുടെ ഏറ്റവും വലിയ ശത്രുവാണ് കോണ്‍ഗ്രസ്. അത് അടിയന്തരാവസ്ഥ കാലത്ത് തിരിച്ചറിഞ്ഞതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെയും മോദി വിമര്‍ശനമുയര്‍ത്തി.

ചിലര്‍ റിമോട്ട് കണ്‍ട്രോള്‍, ഓട്ടോ പൈലറ്റ് തുടങ്ങിയ സര്‍ക്കാരുകള്‍ നടത്തി. എന്നാല്‍ സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു സോണിയക്കെതിരായ മോദിയുടെ വിമര്‍ശനം.

കോണ്‍ഗ്രസിന് രാജ്യത്തെ ന്യൂനപക്ഷങ്ങളോടും പിന്നാക്ക വിഭാഗങ്ങളോടും വിദ്വേഷമാണെന്നും മോദി പറഞ്ഞു. ബംഗാളിലെ ആക്രമണങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിക്കുന്നില്ല. സ്ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പ്രതിപക്ഷത്തിന് പക്ഷപാതമെന്നും മോദി പറയുകയുണ്ടായി.

എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഇപ്പോഴും ജനഹിതം മനസിലാക്കിയിട്ടില്ലെന്നും മോദി പറയുകയുണ്ടായി. തന്റെ കൈയില്‍ നിന്ന് ഒരു അഴിമതിക്കാരനും രക്ഷപ്പെടില്ലെന്നും മോദി പറഞ്ഞു.

Content Highlight: In Delhi, critics of central probe agencies say to arrest CM in Kerala: PM

We use cookies to give you the best possible experience. Learn more