| Thursday, 28th December 2017, 7:29 am

നോണ്‍- വെജ് ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്; വിലക്കുമായി തെക്കന്‍ ദല്‍ഹിയിലെ ബി.ജെ.പി കോര്‍പ്പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോണ്‍- വെജ് ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന് തെക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഭക്ഷണശാലകളിലെയും ഓപ്പണ്‍ സ്റ്റോറുകളിലെയും ചില്ലു കൂട്ടിലും മറ്റുമായി സസ്യേതര ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോര്‍പ്പറേഷന്‍ തീരുമാനം.

കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സസ്യേതര ഭക്ഷണ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്താന്‍ ബി.ജെ.പി ഭരിക്കുന്ന സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇത്തരം ഭക്ഷണങ്ങളുടെ പ്രദര്‍ശനം ആളുകളുടെ വികാരത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്ന് എം.സി.ഡി. സഭാനേതാവ് ശിഖ റായ് പറഞ്ഞു.

നജഫ്ഗഢ് മേഖലയിലെ കക്രോള വില്ലേജ് കൗണ്‍സിലര്‍ സ്വകാര്യ പ്രമേയമായി കൊണ്ടുവന്ന ആവശ്യം എം.സി.ഡി.യുടെ ആരോഗ്യസമിതി പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന്, സമിതി ഇതു ശുപാര്‍ശയായി കോര്‍പ്പറേഷന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും സഭ പാസാക്കുകയും ചെയ്യുകയായിരുന്നു.

നഗരസഭാ നിയമമനുസരിച്ചു നടപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് അയച്ചു കൊടുക്കാനും തീരുമാനിച്ചു. കൗണ്‍സിലര്‍ രാജ് ദത്തും നന്ദിനി ശര്‍മ്മയും ആയിരുന്നു പ്രമേയം സഭയില്‍ കൊണ്ടുവന്നത്. തുറന്ന സ്ഥലങ്ങളില്‍ നോണ്‍- വെജ് പ്രദര്‍ശിപ്പിക്കുന്നത് മാലിന്യ സാഹചര്യത്തിലാണെന്നും ഇത് മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുകയും ചെയ്യുമെന്നായിരുന്നു കൗണ്‍സിലര്‍ മാര്‍ പറഞ്ഞത്.

ഭക്ഷണശാലകളുടെ വലിയ ശൃംഖലയുള്ള പ്രദേശമാണ് തെക്കന്‍ ഡല്‍ഹി. ഹൗസ് ഖാസ്, ന്യൂഫ്രന്‍ഡ്സ് കോളനി, സഫ്ദര്‍ജങ് ഗ്രീന്‍പാര്‍ക്കിലെ കമല്‍ സിനിമ, ലാജ്പത് നഗറിലെ അമര്‍ കോളനി തുടങ്ങിയവയാണ് ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രങ്ങള്‍.

We use cookies to give you the best possible experience. Learn more