| Thursday, 20th April 2017, 12:12 pm

'നിങ്ങള്‍ ഇപ്പോള്‍ ഭഗത്‌സിംങ്ങിനെപ്പോലെയാണ്' ക്ഷീരകര്‍ഷകനെ തല്ലിക്കൊന്നവരെ പൊലീസ് സ്റ്റേഷനില്‍ കാവിവസ്ത്രധാരി അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ തല്ലിക്കൊന്ന ഗോരക്ഷാ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനിലെത്തി ആശ്വസിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

കൊലപാതകക്കേസില്‍ അറസ്റ്റിലായ ബിപിന്‍ യാദവിനോട് നിങ്ങളിപ്പോള്‍ ഭഗത് സിങ്ങിനെപ്പോലെയാണെന്ന് സ്‌റ്റേഷനിലെത്തിയ കാവി വസ്ത്രധാരിയായ യുവതി പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

“വിഷമിക്കേണ്ട ബിപിന്‍. ഭാരതം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.” എന്ന് പ്രധാന പ്രതിയോടു പറഞ്ഞശേഷം മറ്റുള്ളവര്‍ക്കുനേരെ നോക്കി അവര്‍ പറയുന്നു; “ഈ കുട്ടികള്‍ ഭഗത് സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലെയാണ്. ഇവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല.”


Don”t Miss: സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന യു.എസ് കോടതി വിധി: വസ്തുത ഇതാണ് 


യുവതി ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ പ്രതികള്‍ക്കൊപ്പമുള്ള പൊലീസ് യാതൊരു ഇടപെടലും നടത്തുന്നില്ല എന്നതും വീഡിയോയില്‍ ദൃശ്യമാണ്.

“ബിപിന്‍ നിങ്ങളൊന്നു കൊണ്ടും പേടിക്കേണ്ട. ഇത് കുറച്ചുദിവസത്തെ കാര്യമേയുള്ളൂ. അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് സംഭവിക്കുക.” എന്നു ഉറപ്പു നല്‍കിയ യുവതി ജയിലില്‍ മടിപിടിച്ചിരിക്കരുതെന്നും ഗോസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുക്കണമെന്നും ഉപദേശിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ മഹിളാ ഗോരക്ഷ് ദളിന്റെ പ്രസിഡന്റാണ് ഇവരെ സന്ദര്‍ശിച്ച യുവതിയെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബിപിന്‍ യാദവിനെ നേരിട്ട് കണ്ട് പിന്തുണയറിയിച്ചെന്ന കാര്യം അവര്‍ സ്ഥിരീകരിച്ചതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ കുടുംബത്തിന് യാതൊരുവിധ പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ല.

പശുക്കളെ കടത്തുകയാണെന്ന് പറഞ്ഞാണ് പെഹ്‌ലു ഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഈ വിഷയത്തില്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുള്ള ആറുപേരെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more