| Tuesday, 13th July 2021, 12:40 pm

ജി-23 നേതാക്കളോ, സോണിയയുടെ വിശ്വസ്തരോ; അധിര്‍ രഞ്ജന് പകരം ആരെത്തും ലോക്‌സഭയില്‍? സാധ്യതകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക് സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തുനിന്നും അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുമ്പോള്‍ ആ സ്ഥാനത്തേക്ക് ഏത് നേതാവായിരിക്കും എത്തുക എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധി എത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

അടുത്ത ലോക് സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത് അഞ്ച് പേരുകളാണ്.

ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, രവ്‌നീത് ബിട്ടു, ഉത്തമം കുമാര്‍ റെഡ്ഡി, ഈ അഞ്ച് പേരില്‍ ഒരാളാവും ലോക് സഭാ കക്ഷി നേതാവാവുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഇതില്‍ തരൂരും, തിവാരിയും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച ജി-23യില്‍പ്പെട്ട നേതാക്കളാണ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു 23 നേതാക്കള്‍ കത്തയച്ചത്. ഇത് വലിയതരത്തിലുള്ള കോലാഹലമാണ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയത്. ഇതിന് പിന്നാലെ കത്തയച്ച പല നേതാക്കള്‍ക്കും അവരുടെ പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

ഗുലാം നബി ആസാദ്, മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായിരുന്നു.

അധിര്‍ രഞ്ജനെ മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ്  അധിര്‍ രഞ്ജന്‍ ചൗധരിയെ  മാറ്റാനുള്ള ആലോചന സജീവമായത്.

അതേസമയം, ഒരാള്‍ക്ക് ഒരു പദവി നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നതെന്നാണ് പാര്‍ട്ടി വൃത്തം പറയുന്നത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് ചൗധരി.

വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19 നാണ് ലോക്സഭ ആരംഭിക്കുന്നത്. ജൂലൈ 15 ന് കോണ്‍ഗ്രസിന്റെ യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: In Congress’s Search For New Lok Sabha Leader, A “G-23” Twist

We use cookies to give you the best possible experience. Learn more