| Monday, 4th May 2020, 3:23 pm

മാറ്റിചിന്തിപ്പിച്ചത് സോണിയ ​ഗാന്ധിയോ? അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിന് 85 ശതമാനം സബ്സിഡി നൽകാൻ ആലോചനയെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാ ചാർജ് ഈടാക്കുന്നത് വിവാദമായതോടെ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ ആലോചനയെന്ന് ദ ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. 85ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും സബ്സിഡിയായി നൽകാനാണ് ആലോചനയെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തുക കോൺ​ഗ്രസ് നൽകുമെന്ന് തിങ്കളാഴ്ച്ച രാവിലെ കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് സോണിയ ഉന്നയിച്ചത്. തുടർന്ന് കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാനം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സോണിയ​ ​ഗാന്ധിക്കെതിരെയും ശിവരാജ് സിങ് ചൗഹാൻ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് സഹായം നൽകുന്നുണ്ടെന്നും സോണിയ​ ​ഗാന്ധിയെ തെറ്റിധരിപ്പിച്ചതാണ് എന്നുമായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.

എട്ട് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപവരെയാണ് ഒരു സർവ്വീസിൽ നിന്നും റെയിൽവേയ്ക്ക് ലഭിക്കുന്നത്. നോൺ സ്റ്റോപ്പ് ട്രെയിനായതിനാൽ ടിക്കറ്റ് നിരക്കിനും റിസർവേഷൻ നിരക്കിനും പുറമെ 20 രൂപയാണ് യാത്രക്കാരിൽ നിന്ന് അധികം ഈടാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more