| Sunday, 3rd December 2023, 3:15 pm

ഛത്തീസ്ഗഡില്‍ അമിത ആത്മവിശ്വാസം വിനയായി; ഭരണവിരുദ്ധ വികാരം ഉണ്ടായി: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ അമിത ആത്മവിശ്വാസം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. ഭരണ വിരുദ്ധവികാരം ഉണ്ടായെന്നും ആദിവാസി മേഖലകളില്‍ പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ഛത്തീസ്ഗഡില്‍ 24 ന്യൂസിനോട് പറഞ്ഞു.

‘ഛത്തീസ്ഗഡിലെ ആദിവാസി മേഖലയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചത്ര മുന്നറ്റം ഉണ്ടായില്ല. സങ്കൂജ, ബസ്തര്‍, കാന്‍കര്‍ ഈ മേഖലകളാണ് ഞങ്ങളെ എപ്പോഴും പിന്തുണച്ചു കൊണ്ടിരുന്നത്. ആ മേഖലകളില്‍ ഒരു തിരിച്ചടി ഉണ്ടായി. വോട്ടുകള്‍ ഭിന്നിച്ചു പോയത് ഒരു പ്രധാന കാരണമായി കണക്കാക്കാം. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ പല മന്ത്രിമാരും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് നമ്മള്‍ കണ്ണ് തുറന്ന് കാണണ്ട വിഷയമാണ്,’ അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 55 മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 32ലേക്ക് ഒതുങ്ങി. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്.

Content Highlight : In Chhattisgarh, overconfidence is humbled; Anti-government sentiment arose: Ramesh Chennithala

Latest Stories

We use cookies to give you the best possible experience. Learn more