|

ഛത്തീസ്ഗഡിൽ വനിതാ പഞ്ചായത്ത് പ്രതിനിധികൾക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഛത്തീസ്ഗഡിൽ വനിതാ പഞ്ചായത്ത് പ്രതിനിധികൾക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭർത്താക്കന്മാർ. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭർത്താക്കന്മാർ ഭാര്യമാർക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീർധാം ജില്ലയിലെ പർശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭർത്താക്കന്മാർ ചെയ്തത്. തുടർന്ന് പർശ്വര ജൻപദ് പഞ്ചായത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി കബീർധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമ സഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്‌ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പർശ്വര പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട 11 വാർഡ് മെമ്പറുകളിൽ ആറ് പേർ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയിൽ കഴുത്തിൽ മാലയണിഞ്ഞ് പുരുഷന്മാർ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവർത്തകർ വിമർശിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിമർശകർ പറഞ്ഞു.

Content Highlight: In Chhattisgarh, husbands take oath in place of women panchayat representatives

Video Stories