| Wednesday, 15th December 2021, 9:33 am

ലീനയ്ക്കും സുകേഷിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം മലയാളം വെബ് സീരീസായ ഇന്‍സ്റ്റാഗ്രാമത്തിലേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള അന്വേഷണം മലയാളം വെബ് സീരീസായ ഇന്‍സ്റ്റഗ്രാമത്തിലേക്കും. ഇന്‍സ്റ്റഗ്രാമത്തിന്റെ നിര്‍മാണ കമ്പനിയായിരുന്ന എല്‍.എസ് ഫിലിം കോര്‍പ്പിന്റെ സാമ്പത്തിക ഇടപാടുകളാണ് ദല്‍ഹി പൊലീസ് അന്വേഷിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ അരുണ്‍ മുത്തു സുകേഷിനെയും നടി ലീന പോളിനെയും ആഡംബര കാറുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. ഇയാളുടെ സഹായത്താലാണ് എല്‍.എസ് ഫിലിം കോര്‍പ്പ് എന്ന സ്ഥാപനം സുകേഷും ലീനയും ആരംഭിക്കുന്നത്.

ലീനയ്‌ക്കൊപ്പം അരുണ്‍ മുത്തുവാണ് മലയാളം വെബ് സീരീസ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇന്‍സ്റ്റാഗ്രാമം സീരീസ് നീം സ്ട്രീമെന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് മൂന്ന് കോടി രൂപയ്ക്കാണ് നല്‍കിയത്.

ഇതില്‍ 90 ലക്ഷം രൂപ എല്‍.എസ് ഫിലിം കോര്‍പ്പിന്റെ അക്കൗണ്ടിലാണ് ലഭിച്ചതെന്ന് ദല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍നിന്ന് 75 ലക്ഷം രൂപ ലീനയുടെ കമ്പനിയായ സൂപ്പര്‍കാര്‍ ആര്‍ട്ടിസ്റ്ററിയുടെ അക്കൗണ്ടിലേക്കും 15 ലക്ഷം തന്റെ കമ്മീഷനായും അരുണ്‍ നിലനിര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിംഗിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ദല്‍ഹി പൊലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിംഗ് നല്‍കിയ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി.


ജയിലിലായിരുന്ന ശിവീന്ദര്‍ സിംഗിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിംഗില്‍നിന്ന് പണം കൈക്കലാക്കിയത്.

ദല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്.

തുടര്‍ന്ന് നടിയെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: In chargesheet against conman, Delhi police probe financing of Malayalam web series

We use cookies to give you the best possible experience. Learn more