ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിന് പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്.
അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ പുതുതായി കാബിനറ്റ് മന്ത്രിമാര്‍ പിന്തുണച്ചതോടെയാണ് റിഷി സുനകിന്റെ പിന്തുണ കുറയുന്നതായുള്ള വിലയിരുത്തലുകള്‍ പുറത്തുവരുന്നത്.
വിദേശകാര്യ സെക്രട്ടറി റിഷി സുനക്കിനെ പിന്തുണച്ചിരുന്ന മുതിര്‍ന്ന കാബിനറ്റ് മന്ത്രി സര്‍ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് ശനിയാഴ്ച ലിസ് ട്രസിന്റെ എതിര്‍ ക്യാമ്പിലേക്ക് മാറി. ഇത്തരത്തില്‍ മാറുന്ന ആദ്യത്തെ ഉന്നത വ്യക്തി കൂടിയാണ് ഇദ്ദേഹം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ അന്തിമ രണ്ട് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച ആദ്യ പാര്‍ലമെന്ററി റൗണ്ടുകളില്‍, മുന്‍ ചാന്‍സലര്‍ കൂടിയായ റിഷി സുനക് ‘ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഉള്‍ക്കൊള്ളുന്നു’ എന്ന് തോന്നിയതിനാലാണ് താന്‍ ആദ്യം പിന്തുണച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശരിയായ വ്യക്തി ലിസ് ട്രസ് ആണെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന വളര്‍ച്ച, വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്ക് യു.കെയുടെ സാധ്യതകള്‍ വളര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച ഷോട്ടാണ് അവരുടെ പദ്ധതികള്‍,’ എന്നായിരുന്നു ‘ദ ഡെയ്ലി ടെലിഗ്രാഫ്’ എന്ന മാസികയില്‍ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് എഴുതിയത്.
രാജി വെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള റിഷി സുനക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന ഘട്ടത്തില്‍ ലിസ് ട്രസിനാണ് പിന്തുണ കൂടുതല്‍ ലഭിക്കുന്നത്.
ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ് തന്നെ എത്തും എന്നാണ് വിവിധ സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്.
അതേസമയം, തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി വിജയിക്കുന്നതിനെ താന്‍ വിലമതിക്കുന്നില്ല എന്നും പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിജയിക്കുന്നതിനേക്കാള്‍ നല്ലത് പരാജയപ്പെടുന്നതാണെന്നും ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ റിഷി സുനക് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വംശീയത, ലിംഗഭേദം എന്നീ ഘടകങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് റിഷി സുനക്.
Content Highlight: In Britain’s prime ministerial election ministers backing Rishi Sunak starting to support opposite candidate Liz Truss