നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സിന് ഇസ്‌ലാമോഫോബിയ; സംഘടന വിടാനൊരുങ്ങി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍
World News
നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സിന് ഇസ്‌ലാമോഫോബിയ; സംഘടന വിടാനൊരുങ്ങി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th September 2022, 10:39 am

ലണ്ടന്‍: ബ്രിട്ടനില്‍ നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് സംഘടന (National Union of Students) വിടാനൊരുങ്ങി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍.

ബ്രിട്ടനിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ് ഇസ്‌ലാമിക് സൊസൈറ്റീസും (The Federation of Student Islamic Societies- Fosis) അതില്‍ അംഗങ്ങളായ മുസ്‌ലിം വിദ്യാര്‍ത്ഥികളുമാണ് എന്‍.യു.എസ് വിടാനൊരുങ്ങുന്നത്.

എന്‍.യു.എസിനെതിരെ ഇസ്‌ലാമോഫോബിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. സംഘടനക്കെതിരെ ഡിസ്അഫിലിയേഷന്‍ (disaffiliation) ക്യാമ്പെയിന്‍ ആരംഭിക്കുമെന്നും ഫോസിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രസിഡന്റായിരുന്ന ഷൈമ ദല്ലാലിയെ (Shaima Dallali) എന്‍.യു.എസ് പുറത്താക്കിയതിന് പിന്നാലെയായിരുന്നു സംഘടനയുടെ
ഇസ്‌ലാമോഫോബിക് നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നത്.

ഈ വര്‍ഷമാദ്യമായിരുന്നു ദല്ലാലിക്ക് ഹോമോഫോബിയയാണെന്നും യഹൂദ വിരുദ്ധതയാണെന്നും (ആന്റി സെമിറ്റിസം) ആരോപിച്ച് ജൂത വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ദല്ലാലിയുടെ പഴയ ട്വീറ്റുകളെ ഉദ്ധരിച്ചായിരുന്നു ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങളെ ദല്ലാലി തള്ളിയിരുന്നു. തന്റെ പ്രവര്‍ത്തികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

സംഘടനയുടെ നൂറുവര്‍ഷ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ എന്‍.യു.എസ് സസ്‌പെന്‍ഡ് ചെയ്തതിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനക്കെതിരെ ബ്രിട്ടനിലുടനീളം ഡിസ്അഫിലിയേഷന്‍ ക്യാമ്പെയ്നുകള്‍ ആരംഭിക്കാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുമെന്ന് ഫോസിസ് പറഞ്ഞത്.

സംഘടനയിലും ബ്രിട്ടനിലുടനീളവുമുള്ള മറ്റ് വിദ്യാര്‍ത്ഥി യൂണിയനുകളിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതില്‍ എന്‍.യു.എസ് പരാജയപ്പെട്ടതിന്റെ കൃത്യമായ ട്രാക്ക് റെക്കോര്‍ഡുണ്ടെന്ന് ഫോസിസ് വെള്ളിയാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.

”വര്‍ഷങ്ങളായി, ഇസ്‌ലാമിക് സമൂഹങ്ങളും മുസ്‌ലിം സബാറ്റിക്കല്‍ ഓഫീസര്‍മാരും ഉന്നത വിദ്യാഭ്യാസ മേഖലകളിലെ മുസ്‌ലിം വിദ്യാര്‍ത്ഥി സമൂഹവും അനുഭവിക്കുന്ന ഇസ്‌ലാമോഫോബിയ കേസുകള്‍ ഫോസിസ് കൈകാര്യം ചെയ്തിട്ടുണ്ട്,” പ്രസ്താവനയില്‍ പറയുന്നു.

തന്നെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ ഷൈമ ദല്ലാലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: In Britain Muslim students threaten to disaffiliate from NUS after Islamophobia claims