ഇന്ത്യന്‍ വംശജനല്ല; ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ലിസ് ട്രസ്
World News
ഇന്ത്യന്‍ വംശജനല്ല; ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ലിസ് ട്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 5:17 pm

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ലിസ് ട്രസ് എതിരാളിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിനെ മറികടന്നാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.

ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുമോ എന്ന ചോദ്യവും ഇതോടെ അവസാനിച്ചിരിക്കുകയാണ്.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസിനായിരുന്നു ബ്രിട്ടന്റെ മുന്‍ സാമ്പത്തിക കാര്യ മന്ത്രിയായ റിഷി സുനകിനേക്കാള്‍ സാധ്യത കല്‍പിച്ചിരുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള കാബിനറ്റ് മന്ത്രിമാരില്‍ നിന്നടക്കം റിഷി സുനകിന് പിന്തുണ നഷ്ടപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ലണ്ടനില്‍ ഗോപൂജ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

പശുക്കളെ ‘പൂജിക്കുന്നതിന്റെ’ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപകമായി പ്രചരിക്കുകയും അതേസമയം ഇതിനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ചേര്‍ന്നായിരുന്നു പൂജ നടത്തുന്നതും പശുക്കള്‍ക്ക് മുന്നില് മതാചാര പ്രകാരം ആരതി ഉഴിയുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാനായിരുന്നു തന്റെ ഹിന്ദു ഐഡന്റിറ്റി പ്രകടമാക്കിക്കൊണ്ടുള്ള റിഷി സുനക്കിന്റെ നീക്കം എന്നും വിലയിരുത്തപ്പെട്ടിരുന്നു.

അതിന് മുമ്പ് ബ്രിട്ടനില്‍ ജന്മാഷ്ടമി ദിന ആഘോഷങ്ങളിലും റിഷി സുനക് പങ്കെടുത്തിരുന്നു.

Content Highlight: In Britain Liz Truss Wins the Race to Become the Prime Minister