ലണ്ടന്‍: ബ്രിട്ടനില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തപാല്‍ ജാവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഒപ്പം ചേര്‍ന്ന് അധ്യാപകരും. രാജ്യത്തെ ജിവിതച്ചെലവ് വര്‍ധിക്കുന്നതിനിടെയാണ് മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരും തപാല്‍ ജീവനക്കാരും വ്യാഴാഴ്ച പണിമുടക്കിയത്.
ആയിരക്കണക്കിന് പോസ്റ്റര്‍ തൊഴിലാളികള്‍ക്കൊപ്പം സര്‍വകലാശാല ലെക്ചറര്‍മാരും സ്‌കൂള്‍ ടീച്ചര്‍മാരും സമരത്തില്‍ പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഏകോപിത വാക്കൗട്ടുകളിലൊന്നാണ് ഈ പ്രതിഷേധം.
പോസ്റ്റല്‍ ഓഫീസുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സ്‌കൂളുകളുടെയും പുറത്തായിരിക്കും സമരത്തിന്റെ പിക്കറ്റ് ലൈനുകള്‍ സ്ഥാപിക്കുക.
വലിയ പ്രതിഷേധസമരമാണ് അധ്യാപകര്‍ നടത്തുന്നതെന്നതിനാല്‍ വ്യാഴാഴ്ച സ്‌കോട്‌ലാന്‍ഡിലെ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
സര്‍വകലാശാലകളിലെ 70,000ഓളം അക്കാദമിക് ജീവനക്കാരും വ്യാഴാഴ്ച നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടുണ്ട്. ഇത് 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
അതേസമയം റോയല്‍ മെയ്ല്‍ തൊഴിലാളികള്‍ വ്യാഴാഴ്ചക്ക് പുറമെ പിന്നീട് ബ്ലാക്ക് ഫ്രൈഡേ ദിവസവും ക്രിസ്മസ് ദിനത്തിലും സമരം ചെയ്യും.
കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനനുസരിച്ച് വേതന വര്‍ധനവ് ആവശ്യപ്പെട്ട് അഭിഭാഷകര്‍, നഴ്‌സുമാര്‍ എന്നിങ്ങനെ മറ്റ് നിരവധി മേഖലകളില്‍ തൊഴിലെടുക്കുന്നവരും പ്രതിഷേധസൂചകമായി ജോലിയുപേക്ഷിച്ച് പോയിരുന്നു.
അതേസമയം ബ്രിട്ടനില്‍ ഈ വര്‍ഷം എനര്‍ജി ബില്ലുകളും ഭക്ഷ്യചെലവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തെ കണക്കുവെച്ച് രാജ്യത്തെ വിലക്കയറ്റം 41 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കായ 11.1 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.
ഒന്നിലധികം വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ തുടര്‍ച്ചയായി പണിമുടക്കുകള്‍ നടത്തുന്നതിനാല്‍ ജനങ്ങള്‍ യാത്രാ ദുരിതവും മാലിന്യപ്രശ്‌നങ്ങളും അഭിമുഖീകരിക്കുകയാണെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.
വേതന വര്‍ധനവ്, ശമ്പളം, ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, മറ്റ് വ്യവസ്ഥകള്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബ്രിട്ടനില്‍ റോയല്‍ മെയ്ല്‍ (Royal Mail) തൊഴിലാളികള്‍ പണിമുടക്ക് സമരം നടത്തുന്നത്.
നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവാരവുമായി 48 മണിക്കൂര്‍ വീതം പണിമുടക്കുമെന്ന് നേരത്തെ തന്നെ തൊഴിലാളികള്‍ അറിയിച്ചിരുന്നു.
റോയല്‍ മെയ്ല്‍ തൊഴിലാളികള്‍ക്കിടയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ (The Communication Workers’ Union- CWU) നേതൃത്വത്തിലായിരിക്കും സമരം. 115,000ലധികം റോയല്‍ മെയ്ല്‍ തപാല്‍ ജീവനക്കാരാണ് സംഘടനയില്‍ അംഗങ്ങളായുള്ളത്.
രണ്ട് വര്‍ഷത്തിനിടയിലെ ഏകദേശം ഒമ്പത് ശതമാനം ശമ്പള ഓഫര്‍ നിരസിക്കാന്‍ സംഘടന നേരത്തെ അംഗങ്ങളോട് ശിപാര്‍ശ ചെയ്തിരുന്നു. റോയല്‍ മെയ്ല്‍ന്റെ വേതനവര്‍ധന ഓഫറിനെ ‘പരിഹാസം’ (derisory) എന്നാണ് യൂണിയന്‍ വിശേഷിപ്പിച്ചത്.
അതേസമയം, വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഈ സമയത്ത് പണിമുടക്കരുതെന്ന് റോയല്‍ മെയ്ല്‍ കമ്പനി തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാരണം ഓണ്‍ലൈന്‍ ഷോപ്പിങ് ഏറ്റവും കൂടുതല്‍ നടക്കുന്ന, കമ്പനിയുടെ വര്‍ഷത്തിലെ ഏറ്റവും ലാഭകരമായ രണ്ട് ദിവസങ്ങളിലുള്‍പ്പെടെയാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 24, 25, 30 പിന്നീട് ഡിസംബര്‍ ഒന്ന് എന്നീ തീയതികളിലാണ് പണിമുടക്ക്.
Content Highlight: In Britain lecturers and teachers join postal workers in strikes