| Wednesday, 7th October 2020, 5:11 pm

ബീഹാര്‍ ബി.ജെ.പിയില്‍ വിമതനീക്കം; ചിരാഗ് പാസ്വാനുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിമത നീക്കമുണ്ടാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ മുന്നറിയിപ്പുമായി ബി.ജെ.പിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ടിക്കറ്റില്‍ നിന്ന് ആരെങ്കിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുടെയും പേരെടുത്തു പറയാതെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നല്‍കിയത്.

എല്‍.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനുദ്ദേശിക്കുന്ന ബി.ജെ.പിയുടെ ആറ് വിമതര്‍ക്കെതിരെയാണ് ഫഡ്‌നാവിസിന്റെ മുന്നറിയിപ്പെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമത നീക്കം ശക്തിപ്പെട്ടാല്‍ ബീഹാറില്‍ ജെ.ഡി.യു മുഖ്യമന്ത്രി നീതീഷ് കുമാറിന് മുന്നില്‍ ബി.ജെ.പിയുടെ മുഖം നഷ്ടപ്പെടുമെന്ന ആശങ്കയും കനക്കുന്നുണ്ടെന്നാണ് സൂചനകള്‍.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള ചിരാഗ് പാസ്വാന്റെ നീക്കത്തിന് ബി.ജെ.പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ബി.ജെ.പിക്കുമിടയില്‍ നീരസമുണ്ടാക്കിയതായി അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു.

ഇതിന് പിന്നാലെ നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹാറിന്റെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ചിരാഗ് പാസ്വാന്റെ ലക്ഷ്യം നടക്കില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

എന്‍.ഡി.എ ടിക്കറ്റില്‍ മത്സരിച്ചു വിജയിക്കുന്നവര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തെയും അംഗീകരിക്കണമെന്നായിരുന്നു തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജസ്വാള്‍ പറഞ്ഞത്. അദ്ദേഹത്തെ പിന്താങ്ങി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍ മോഡിയും രംഗത്തെത്തിയിരുന്നു.

സഞ്ജയ് ജസ്വാള്‍ ഒരുപടികൂടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ലോക് ജനശക്തി പാര്‍ട്ടി ക്യാമ്പയിനില്‍ ഉപയോഗിക്കുകയാണെങ്കില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍.ഡി.എ സഖ്യം വിട്ട ചിരാഗ് പാസ്വാന്‍ ബി.ജെ.പി-ലോക് ജനശക്തി പാര്‍ട്ടി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുന്നതെന്നും അതിനാല്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് വോട്ട് രേഖപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു.

വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി കൊണ്ടായിരുന്നു നിതീഷ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ച് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

നിതീഷ് കുമാറിന്റെ ജനതാ ദളിന് വോട്ട് ചെയ്താല്‍ വീണ്ടും സംസ്ഥാനത്തെ കുടിയേറ്റം വര്‍ദ്ധിക്കുമെന്നും ചിരാഗ് പാസ്വാന്‍ പ്രതികരിച്ചിരുന്നു. ഒക്ടോബര്‍ 28നാണ് ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയിലാണ് എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പുറത്തുപോയത്.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചിരാഗ് പാസ്വാന് വലിയ രീതിയിലുള്ള അഭിപ്യായവ്യത്യാസമുണ്ടായിരുന്നു.

നിതീഷ് കുമാറുമായി തനിക്കുള്ള വിയോജിപ്പ് പല അവസരങ്ങളില്‍ ചിരാഗ് പാസ്വാന്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ എല്‍.ജെ.പിക്ക് ബി.ജെ.പിയുമായി വലിയ രീതിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക് എത്തിയതും എല്‍.ജെ.പി.ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ചിരാഗ് പാസ്വാനെതിരെയുള്ള നിതീഷ് കുമാറിന്റെ കരുനീക്കമായാണ് മാഞ്ചിയുടെ വരവിനെ വിലയിരുത്തപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In BJP’s Warning To Its Members, A Stern Message To Chirag Paswan

We use cookies to give you the best possible experience. Learn more