| Monday, 16th November 2020, 9:34 pm

'ബി.ജെ.പിയുടെ വിഭജന ദേശീയത, മന്‍മോഹന്‍ സിംഗിന്റെ മതേതര മൂല്യങ്ങള്‍;' ഒബാമ പറഞ്ഞത് രാഹുലിനെ പറ്റി മാത്രമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് തന്റെ പുസ്തകമായ പ്രോമിസ്ഡ് ലാന്റില്‍ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ആര്‍ജവമില്ലാത്ത ഒരു രാഷ്ട്രീയ നേതാവെന്ന തരത്തിലായിരുന്നു ഒബാമയുടെ അഭിപ്രായ പ്രകടനം. ഒരു അന്താരാഷ്ട്ര നേതാവ് കോണ്‍ഗ്രസ് നേതാവിനെ പറ്റി ഇത്തരത്തില്‍ പറഞ്ഞത് ബി.ജെ.പി പ്രവര്‍ത്തകര്‍ രാഷ്ട്രീയായുധമാക്കിയിരുന്നു. എന്നാല്‍ ഇതേ പുസ്തകത്തില്‍ തന്നെ ഇന്ത്യയില്‍ ബി.ജെ.പി വിഭജന ദേശീയത നടപ്പാക്കുന്നെന്ന പരാമര്‍ശവും ഒബാമ നടത്തിയിട്ടുണ്ട്. ഒപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഭരണത്തെയും മതേതര നിലപാടുകളെയും ഒബാമ പ്രശംസിക്കുന്നുമുണ്ട്.

ഒബാമ മന്‍മോഹന്‍ സിംഗിനെ പറ്റിയും ബി.ജെ.പിയെയും പറ്റി പറഞ്ഞത്,

പാകിസ്താനില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ തിരിച്ചടിക്കാനുള്ള ആഹ്വാനങ്ങളെ മന്‍മോഹന്‍ സിംഗ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്.

‘ ആക്രമണത്തിനു ശേഷം പാകിസ്താനെതിരെ പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളെ സിംഗ് എതിര്‍ത്തിരുന്നു. പക്ഷെ ഈ സംയമനം രാഷ്ട്രീയമായി അദ്ദേഹത്തിനു നഷ്ടമുണ്ടാക്കി. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും ഹിന്ദു ദേശീയതാ പാര്‍ട്ടിയുമായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്വാധീനത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു,’

ഇതിനു ശേഷം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കൊപ്പം ഡിന്നര്‍ കഴിച്ചപ്പോഴുള്ള അനുഭവവും ഒബാമ പറയുന്നുണ്ട്. ഈ ഭാഗത്ത് രാഹുലിനെ പറ്റി പറഞ്ഞ ഭാഗമാണ് നേരത്തെ വലിയ രീതിയില്‍ വാര്‍ത്തയായത്. മന്‍മോഹന്‍ സിംഗിന് ശേഷം ആര് ഭരണത്തിലേറുമെന്നതിലും ഒബാമ ആശങ്കപ്പെട്ടിരുന്നു.

‘ അമ്മ ( സോണിയ ഗാന്ധി) നിശ്ചയിച്ച വിധി നിറവേറ്റാനായി ബാറ്റണ്‍ വിജയകരമായി രാഹുലിന് കൈമാറുമോ? ബി.ജെ.പി പ്രചരിപ്പിക്കുന്ന ഭിന്നിപ്പിക്കുന്ന ദേശീയതയ്ക്ക് മേലെയായി കോണ്‍ഗ്രസിന്റെ ആധിപത്യം സംരക്ഷിക്കാനാവുമോ? എന്തോ എനിക്ക് സംശയം തോന്നി,’ ഒബാമ തന്റെ പുസ്തകത്തില്‍ പറഞ്ഞു.

‘ഇന്ത്യയുടെ രാഷ്ട്രീയം ഇപ്പോഴും മതം, കുലം , ജാതി എന്നിവയെ ചുറ്റിപറ്റിയാണ്. വിഭാഗീയ ഭിന്നതകളെ മറികടന്ന് രാജ്യത്തിന്റെ പുരോഗതിയുടെ മുഖമുദ്രയായി ഡോ. സിംഗ് ഉയര്‍ന്നു,’ ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more