| Friday, 19th August 2022, 4:40 pm

ബില്‍ക്കിസ് ബാനു കേസ്; സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് തുറന്ന കത്തെഴുതി യു.എസ് മനുഷ്യാവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് നീതി നിഷേധിക്കപ്പെട്ടതില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് തുറന്ന കത്തെഴുതി യു.എസ് മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് (ഐ.എസ്.പി.ജെ).

കലാപത്തിനിടെ അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി പീഡിപ്പിക്കുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ പാനലിന്റെ നിര്‍ദേശപ്രകാരം വെറുതെ വിട്ടിരുന്നു.

കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം വെറുതെ വിട്ടത്. ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ഐ.എസ്.പി.ജെ. ആന്റണി ബ്ലിങ്കന് കത്തെഴുതിയത്.

ഇന്ത്യയില്‍ ബലാത്സംഗക്കേസുകളില്‍ നീതി തേടുന്ന അതിജീവിതമാര്‍ക്ക് മുഖത്തേറ്റ അടിയാണ് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ റിലീസ് തീരുമാനം എന്നാണ് കത്തില്‍ പറയുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരകളായവര്‍ക്കും അതില്‍ നീതി തേടുന്നവര്‍ക്കും ഈ തീരുമാനം തിരിച്ചടിയാണെന്നും കത്തില്‍ പറയുന്നു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയെ കുറിച്ചും ഉന്നമനത്തെ കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചതിന്റെ പൊള്ളത്തരവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2008ലായിരുന്നു ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ഗുജറാത്ത് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഇവരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയിലില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.

ജയിലില്‍ നിന്ന് പുറത്തുവന്ന പ്രതികളെ ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മാലയിട്ടും മധുരം നല്‍കിയുമായിരുന്നു സ്വീകരിച്ചത്. ഇതേക്കുറിച്ചും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

”ഹിന്ദു ദേശീയവാദ സംഘടനയായ വി.എച്ച്.പിയിലെ അംഗങ്ങള്‍ കുറ്റവാളികളുടെ കഴുത്തില്‍ പുഷ്പമാല ചാര്‍ത്തുകയും ഗുജറാത്തിലെ ഒരു ഉന്നത ബി.ജെ.പി നേതാവ് അവരെ ബ്രാഹ്മണര്‍, നല്ല സംസ്‌കാരമുള്ളവര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് അതിജീവിതമാര്‍ക്കുള്ള അപമാനം കൂട്ടുകയാണ് ചെയ്യുന്നത്,” കത്തില്‍ പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ വേദനയുടെയും ആഘാതത്തിന്റെയും ‘ജീവപര്യന്തം തടവ്’ അനുഭവിക്കുകയാണ് ബാനുവെന്നും ISPJ ഔട്ട്റീച്ച് ഡയറക്ടര്‍ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഗുജറാത്ത് വംശഹത്യക്കിടെ കുറ്റകൃത്യങ്ങള്‍ ചെയ്ത മറ്റ് പലരും ശിക്ഷിക്കപ്പെടാതെ സ്വതന്ത്രരായി നടക്കുന്നു. ആ കലാപങ്ങളുടെയെല്ലാം ഉത്തരവാദിത്തം മിസ്റ്റര്‍ നരേന്ദ്ര മോദിയിലാണ് എത്തിനില്‍ക്കുന്നത്. പക്ഷേ അദ്ദേഹം ഒരിക്കലും ആ ഉത്തരവാദിത്തത്തെ അഭിമുഖീകരിച്ചിട്ടില്ല,” ഡേവിഡ് ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: In Bilkis Bano case, rights body ISPJ wrote an open letter to US State Secretary Antony Blinken

We use cookies to give you the best possible experience. Learn more