പാട്ന: ബീഹാറിലെ ജിതിയ ഉത്സവത്തിനിടെ നദികളില്‍ മുങ്ങിമരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 46 പേരാണ് മരിച്ചിരിക്കുന്നത്. ഇതില്‍ 37 കുട്ടികളൂം ഉള്‍പ്പെടുന്നുണ്ട്.
ചമ്പാരന്‍, സിവാന്‍, മുസാഫര്‍പുര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, വൈശാലി, കൈമുര്‍, ബക്‌സര്‍, ഔറംഗബാദ്, റോഹ്താസ്, സാരന്‍, പാട്ന, നളന്ദ, അര്‍വാള്‍ തുടങ്ങിയ ജില്ലകളിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഔറംഗബാദിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഔറംഗബാദില്‍ ഒമ്പതും സാരനില്‍ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ കുട്ടികള്‍ക്ക് പുറമെ ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉള്ളത്. മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായാണ് ജിതിയ സ്‌നാനം നടന്നത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജിതിയ സ്‌നാനം നടന്ന കുളങ്ങളിലും നദികള്‍കളിലും ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ നദിതടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ജിതിയ സ്‌നാനം നടത്തുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ നടപടികള്‍ അവഗണിച്ചുകൊണ്ടാണ് ആളുകള്‍ നദികളിലേക്ക് ഇറങ്ങിയതെന്ന് ഡി.എം.ഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മരിച്ച എട്ട് പേരുടെ കുടുംബത്തിന് ഇതിനോടകം മുഖ്യമന്ത്രിയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുടനീളമായി കുട്ടികളുടെ ദീര്‍ഘായുസിനായി സ്ത്രീകള്‍ അനുഷ്ഠിക്കുന്ന ആചാരമാണ് ജിതിയ വ്രതം.
Content Highlight: In Bihar, the number of drownings during Jithiya festival has reached 46