national news
'ബിഹാറില്‍ അയല്‍വാസികള്‍ക്ക് പരസ്പരം ജാതി അറിയാം'; സര്‍വേ പ്രസിദ്ധീകരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: ജാതി സര്‍വേ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ തടയാനാകില്ലെന്ന് സുപ്രീം കോടതി. ഇതില്‍ പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായ ലംഘനമില്ലെന്നും സുപ്രീം കോടതി വെള്ളിയാഴ്ച പറഞ്ഞു. ബിഹാറില്‍ അയല്‍വാസികള്‍ക്ക് പരസ്പരം ജാതി അറിയാമെന്നും ജസ്റ്റിസ് എസ്.വി. ഭട്ടിയുടെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
‘ബിഹാറില്‍ അയല്‍വാസികള്‍ക്ക് പരസ്പരം ജാതി അറിയാം. എന്നാല്‍ ദല്‍ഹിയില്‍ പരസ്പരം ജാതി അറിയാന്‍ സാധിക്കില്ല.
പ്രഥമദൃഷ്ട്യാ പ്രശ്‌നമൊന്നും ഇല്ലാത്തതിനാല്‍ ജാതി സെന്‍സസ് സ്റ്റേ ചെയ്യാന്‍ പോകുന്നില്ല. സര്‍വേ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ട്,’കോടതി പറഞ്ഞു.
ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ ശരിവെച്ച പട്‌ന ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാരിതര സംഘടനകളായ യൂത്ത് ഫോര്‍ ഇക്വാലിറ്റി, ഏക് സച്ച് ഏക് പ്രയാസ് എന്നീ സംഘടനകളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍ ഇത്തരം വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ വ്യക്തികളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു.
‘വ്യക്തികളുടെ മതം, ജെന്‍ഡര്‍, മാസവരുമാനം എന്നിവ വെളിപ്പെടുത്താന്‍ വേണ്ടി എങ്ങനെയാണ് നിര്‍ബന്ധിക്കാന്‍ സാധിക്കുക? ഫോമില്‍ സ്വമേധയാ പൂരിപ്പിക്കാന്‍ സാധിക്കുന്നത് ആധാര്‍ വിവരങ്ങള്‍ മാത്രമാണ്. ഒരു നിയമവുമില്ലാതെ ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കാന്‍ പാടുണ്ടോ എന്നതാണ് ഇവിടുത്തെ ചോദ്യം,’ അദ്ദേഹം പറഞ്ഞു.
ന്യായവും നിയമാനുസൃതവുമായ ഒരു നിയമത്തിലൂടെ മാത്രമേ സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടുള്ളൂവെന്നും വൈദ്യനാഥന്‍ പറഞ്ഞു. സര്‍വേ എടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന് മുന്നില്‍ വ്യക്തമായ നിയമമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മൗലികാവകാശത്തിന്റെ ലംഘനമാണിതെന്ന് വാദിച്ച അഭിഭാഷകന്‍ അപരാജിത സിങ്ങും സര്‍വേ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം സര്‍വേ പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ മുഖേന വ്യക്തിപരമായ ഡാറ്റ പുറത്ത് വിടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് സര്‍വേയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച ജസ്റ്റിസ് ഖന്ന ഹരിജിക്കാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും സര്‍വേ പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കി.
സര്‍വേയിലൂടെ ബിഹാര്‍ സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് രണ്ടു തലങ്ങളുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
‘ഒന്ന് വ്യക്തിപരമാണ്. അവ പുറത്തുവരാതെ കാക്കണം. സ്വകാര്യത സംരക്ഷിക്കാനുള്ള വിധി അതിന് ബാധകമാണ്. രണ്ടാമത്തേത് സ്ഥിതിവിവരമാണ്. അത് വിലയിരുത്താനുള്ളതാണ്,’ കോടതി പറഞ്ഞു. തുടര്‍ന്നാണ് വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. ഓഗസ്റ്റ് 21ന് വീണ്ടും കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
content highlights: ‘In Bihar neighbors know each other’s caste’; The Supreme Court said that the publication of the survey cannot be prevented