| Tuesday, 3rd July 2018, 2:29 pm

കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ്സായി മാറിയിരിക്കുന്നെന്ന് സുവേന്ദു; മൂന്ന് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂടി തൃണമൂലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ, കോണ്‍ഗ്രസ്സിന്റെ ബംഗാള്‍ ഘടകത്തില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. മൂന്ന് എം.എല്‍.എ മാരാണ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ തയ്യാറെടുത്തിരിക്കുന്നത്.

ജൂലായ് 21ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രക്തസാക്ഷിദിനാചരണ ചടങ്ങില്‍ വച്ച് മൂന്നു കോണ്‍ഗ്രസ്സ് എം.എല്‍.എ മാരോടൊപ്പം മറ്റു ധാരാളം പേരും തൃണമൂല്‍ അംഗത്വമെടുക്കുമെന്നാണ് സംസ്ഥാന ഗതാഗത മന്ത്രി കൂടിയായ സുവേന്ദു അധികാരി അറിയിച്ചിരിക്കുന്നത്.


Also Read: അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി


മുന്‍ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയായിരുന്ന അബു താഹിറിന്റെ തൃണമൂല്‍ പ്രവേശനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന ചടങ്ങാണ്, താഹിറിന്റെ കൂറുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെത്തുടര്‍ന്ന് 21ലേക്ക് മാറ്റിയിരിക്കുന്നത്.

തൃണമൂലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ധാരാളം പേര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് അധികാരി പറഞ്ഞു. “മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നു മാത്രം മൂന്ന് നേതാക്കളാണ് തൃണമൂലില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡിനെ വിവരമറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് അവരാണ്.” അധികാരി പറയുന്നു.

മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്സിനെ ജില്ലാ നേതൃത്വം ഹൈജാക്ക് ചെയ്ത് മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ്സാക്കി മാറ്റിയിരിക്കുകയാണെന്നും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരുപോലെ സ്വീകാര്യത കുറയാന്‍ ഇത് കാരണമായിട്ടുണ്ടെന്നുമാണ് തൃണമൂലിന്റെ നിരീക്ഷണം.


Also Read: “മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ മേല്‍”: ആഞ്ഞടിച്ച് ജിഗ്നേഷ് മേവാനി


ഇടതുപക്ഷ ഭരണകാലത്തും കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന മുര്‍ഷിദാബാദില്‍ നിന്നാണിപ്പോള്‍ തൃണമൂലിലേക്ക് സാരമായ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത്. എന്നാല്‍, ഈയടുത്ത് ബി.ജെ.പിയില്‍ അംഗത്വമെടുത്ത മുന്‍ തൃണമൂല്‍ മന്ത്രി ഹുമയൂണ്‍ കബീറിനെക്കുറിച്ചുള്ള ചോദ്യത്തിനാകട്ടെ, അദ്ദേഹത്തിന് മാനസികരോഗ ചികിത്സയാണ് ആവശ്യമെന്നായിരുന്നു അധികാരിയുടെ മറുപടി.

We use cookies to give you the best possible experience. Learn more