ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിന്ന് ഒരു കി.മീ അകലെ ഡോമിനോസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചതിന് പിന്നാലെ കൂടുതൽ ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകളെ സ്വാഗതം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥർ.
മെനുവിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുമെങ്കിൽ അയോധ്യയിൽ കെ.എഫ്.സിയുടെ ഔട്ട്‌ലെറ്റ് തുറക്കാൻ അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ മണീകണ്ട്രോളിനോട് പറഞ്ഞു.
‘കെ.എഫ്.സി അവരുടെ യൂണിറ്റ് അയോധ്യ-ലഖ്‌നൗ ദേശീയ പാതയിൽ ആരംഭിച്ചത് ഇവിടെ ഞങ്ങൾ നോൺ വെജ് ഭക്ഷണം അനുവദിക്കാത്തത് കൊണ്ടാണ്. വേജിറ്റേറിയൻ ഭക്ഷണം മാത്രം വിൽക്കുമെങ്കിൽ അവർക്കും ഒരിടം നൽകാൻ ഞങ്ങൾ തയ്യാറാണ്,’ സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിങ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന് പതിനഞ്ച് കി.മീ ചുറ്റളവിലെ പഞ്ച് കോശി മാർഗ് എന്ന പാതയിൽ മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്.
മാംസത്തിന് വിലക്കേർപ്പെടുത്തിയത് അയോധ്യയിൽ മാത്രമല്ല, ഹരിദ്വാറിലും സമാനമായ വിലക്കുകളുണ്ട്. ഹരിദ്വാർ-രൂർക്കി ദേശീയ പാതയിലാണ് ഇവിടെ കെ.എഫ്.സിയുടെ ഔട്ട്‌ലെറ്റ് ഉള്ളത്.
2020 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് അയോധ്യയിൽ സർക്കാർ പ്രഖ്യാപിച്ചത്.
Content Highlight: ‘In Ayodhya, we are ready to provide KFC a space if only veg served’: Govt official