| Saturday, 20th January 2024, 5:32 pm

അയോധ്യയിൽ കൃഷിക്കാരുടെ ഭൂമി തട്ടിയെടുത്ത് ബി.ജെ.പി നേതാക്കൾ; അദാനി ഗ്രൂപ്പിന് മറിച്ചുവിറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യയിലെ തർക്ക ഭൂമി ഹിന്ദു വിഭാഗത്തിന് നൽകാൻ സുപ്രീം കോടതി വിധി വന്നതോടെ സർക്കാർ ഭൂമി ഏറ്റെടുക്കുമെന്ന് കർഷകർക്ക് തോന്നി. സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഭയന്ന കർഷകർ തുച്ഛ വിലക്ക് ഭൂമി ബി.ജെ.പി നേതാക്കളുടെ ടൈംസ് സിറ്റി എന്ന കമ്പനിക്ക് വിറ്റു. തണ്ണീർതടങ്ങളുടെ ഭാഗമായ ഈ ഭൂമി 2.44 കോടി രൂപ ലാഭത്തിന് ഇവർ അദാനി ഗ്രൂപ്പിന് മറിച്ച് വിൽക്കുകയായിരുന്നു.

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന് സമീപമുള്ള പരിസ്ഥിതി ലോല ഭൂമി വൻ തുക ലാഭത്തിൽ ബി.ജെ.പി നേതാക്കളുടെ സ്ഥാപനം അദാനി ഗ്രൂപ്പിന് മറിച്ചുവിറ്റതായി ദി സ്ക്രോളിന്റെ റിപ്പോർട്ട്.

മുൻ ബി.ജെ.പി എം.എൽ.എ ചന്ദ്ര പ്രകാശ് ശുഖ്ലയുടെ ടൈംസ് സിറ്റി മൾട്ടി സ്റ്റേറ്റ് കോർപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, 2023 ഒക്ടോബറിനും ഡിസംബറിനുമിടയിൽ സരയു നദിക്ക് സമീപമുള്ള ഭൂമി കർഷകരിൽ നിന്ന് പല തവണയായി 1.13 കോടി രൂപക്ക് വാങ്ങിയതായി ആയുഷ് തിവാരിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആഴ്ചകൾക്കുള്ളിൽ ഈ ഭൂമി 3.57 കോടി രൂപക്ക് അദാനി ഗ്രൂപ്പിന് മറിച്ചുവിൽക്കുകയായിരുന്നു.

വഞ്ചനാ കുറ്റത്തിന് ലഖ്‌നൗ പൊലീസ് സ്റ്റേഷനിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ടൈംസ് സിറ്റി കമ്പനി നേടിയ കോടികളുടെ ലാഭം, രാമക്ഷേത്രം അയോധ്യയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിലേക്കാണ് വെളിച്ചം വീശുന്നത് എന്ന് സ്ക്രോൾ റിപ്പോർട്ടിൽ പറയുന്നു.

തുച്ഛമായ വിലക്ക് ഭൂമി വിൽക്കുന്ന കർഷകർക്കും പ്രകൃതിക്കുമാണ് നഷ്ടമെന്നും ആയുഷ് തിവാരി ചൂണ്ടിക്കാട്ടുന്നു.

സരസ് കൊക്ക്, ചാരമുണ്ടി, ഇന്ത്യൻ കുറുക്കൻ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി ലോല പ്രദേശമാണ് അദാനി ഗ്രൂപ്പിന് വിറ്റ മഝ ജംതാര. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.

2022 ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ ഇവിടെ നിരോധിച്ചിരുന്നു.

അയോധ്യയിലെ തർക്ക ഭൂമി സർക്കാർ ഏറ്റെടുത്താൽ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയെ തുടർന്ന് വിപണി നിരക്കിൽ നിന്നും കുറഞ്ഞ പൈസക്ക് സ്വകാര്യ പാർട്ടികൾക്ക് വിൽക്കുകയായിരുന്നു എന്ന് പ്രദേശത്തെ യാദവ വിഭാഗത്തിൽ നിന്നുള്ള കർഷകരെ ഉദ്ധരിച്ചുകൊണ്ട് തിവാരി പറയുന്നു.

‘ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമി ഹിന്ദുക്കൾക്ക് നൽകാൻ സുപ്രീം കോടതി വിധി വന്നപ്പോൾ സ്ഥലം സർക്കാർ ഏറ്റെടുക്കുമെന്ന് കേട്ടു. ഞങ്ങൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകുമോ എന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വിപണി നിരക്കിനേക്കാൾ കുറഞ്ഞ പൈസയ്ക്ക് സ്വകാര്യ കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു. ഒന്നുമില്ലാത്തതിലും നല്ലത് കുറച്ചെങ്കിലും പൈസ ലഭിക്കുന്നതല്ലേ,’

ടൈംസ് സിറ്റിക്ക് ഭൂമി വിറ്റ കബൂത്ര ദേവിയുടെ പൗത്രൻ പറഞ്ഞു.

2021 ഫെബ്രുവരിയിൽ 0.56 ഹെക്ടർ ഭൂമി സുധ ദീക്ഷിത് എന്ന വ്യക്തിക്ക് യാദവ കുടുംബം വിറ്റത് 33.53 ലക്ഷം രൂപയായിരുന്നു. എന്നാൽ ഭൂമിയുടെ വിപണി വില അന്ന് 77.46 ലക്ഷമായിരുന്നു.

ടൈംസ് സിറ്റിയുടെ നിയമോപദേശകനായിരുന്നു ഇടപാടിന് സാക്ഷിയായതെന്ന് തിവാരി തന്റെ റിപ്പോർട്ടിൽ പറയുന്നു.

വീണ്ടും രണ്ട് തവണയായി യാദവ കുടുംബം ഭൂമി ടൈംസ് ഗ്രൂപ്പിന് വിറ്റിരുന്നു. മൊത്തം 73 ലക്ഷം രൂപക്കാണ് യാദവ കുടുംബം ഭൂമി ഗ്രൂപ്പിന് വിറ്റത്.

നവംബർ 25ന് 2.54 കോടി രൂപക്ക് അദാനിയുടെ ഉടമസ്ഥതയിലുള്ള ഹോംക്വസ്റ്റ് ഇൻഫ്രാസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.ഐ.പി.എൽ) എന്ന കമ്പനിക്ക് ടൈംസ് സിറ്റി ഗ്രൂപ്പ് ഭൂമി കൈമാറി. ഡിസംബർ 14ന് യാദവ കുടുംബം 39.92 ലക്ഷം രൂപക്ക് 0.4 ഹെക്ടർ ഭൂമി കൂടി ടൈംസ് സിറ്റിക്ക് വിൽക്കുകയായിരുന്നു.

ഈ ഭൂമി എച്ച്.ഐ.പി.എൽ 1.02 കോടി രൂപക്ക് ടൈംസ് സിറ്റിയിൽ നിന്ന് ഏറ്റെടുത്തു.

ആകെ 2.44 കോടി രൂപയുടെ ലാഭമാണ് ടൈംസ് സിറ്റി നേടിയത്.

അതേസമയം വൻ ലാഭത്തിന് ടൈംസ് സിറ്റി അദാനി ഗ്രൂപ്പിന് ഭൂമി കൈമാറിയ കാര്യം യാദവ കുടുംബം അറിഞ്ഞിരുന്നില്ല. ഭൂമി തങ്ങളുടെ കൈവശം തന്നെ വയ്ക്കും എന്നാണ് ടൈംസ് സിറ്റി അധികൃതർ പറഞ്ഞിരുന്നത് എന്നും ചതിക്കപ്പെട്ടതായി തോന്നുന്നുവെന്നും അവർ സ്ക്രോളിനോട് പറഞ്ഞു.

എന്നാൽ പരിസ്ഥിതി ലോല പ്രദേശത്തിന്റെ വില്പനയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് തിവാരി റിപ്പോർട്ടിൽ പറയുന്നു.

മുൻ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ദേവി പ്രസാദ് സിങ് അധ്യക്ഷയായ സമിതി പ്രദേശം മുഴുവൻ തണ്ണീർത്തടങ്ങൾ ആണെന്ന് വിലയിരുത്തിയിരുന്നു.

മഝ ജംതാരയിൽ അദാനി ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ ഭൂരിഭാഗവും ഈ തണ്ണീർത്തടങ്ങളുടെ പരിധിയിലാണ് വരുന്നതെന്ന് സ്ക്രോളിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

CONTENT HIGHLIGHT: In Ayodhya, firm linked to BJP leaders sold ecologically sensitive land to Adani – for a big profit; REPORT

We use cookies to give you the best possible experience. Learn more