ന്യൂദൽഹി: അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞത് ദീർഘ കാലത്തെ സംഘർഷം മനസിൽ കണ്ടുകൊണ്ടായിരുന്നു എന്നും തുടർന്ന് അഞ്ചംഗ ബെഞ്ച് ഒരേ ശബ്ദത്തിൽ സംസാരിക്കാൻ തീരുമാനിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
അയോധ്യ കേസിൽ വിധിപ്രസ്താവന നടത്തിയ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്തേണ്ട എന്ന് വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ചന്ദ്രചൂഡ് പറഞ്ഞു.
അയോധ്യ വിധി പുറത്ത് വന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വെളിപ്പെടുത്തൽ.
നവംബർ 2019ലാണ് അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗോഗോയ്‌യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിൽ നിലവിലെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡും അംഗമായിരുന്നു.
‘ദീർഘ നാളത്തെ സംഘർഷവും ദേശത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വീക്ഷണങ്ങളും മനസിൽ വെച്ചുകൊണ്ടാണ് അയോധ്യ കേസിൽ ഒരേ ശബ്ദത്തിൽ സംസാരിക്കുവാൻ സുപ്രീം കോടതി തീരുമാനിച്ചത്. അന്തിമ വിധിയിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് നിൽക്കുന്നു എന്ന് കാണിക്കാൻ മാത്രമല്ല, വിധിപ്രസ്താവനയിലെ കാരണങ്ങളിലും ഞങ്ങൾക്ക് ഒരേ മനസാണ് എന്ന സന്ദേശം നൽകാനും കൂടിയായിരുന്നു അത്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇതോടെ ഈ വിഷയത്തിലെ തന്റെ മറുപടി പറഞ്ഞുകഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.
134 വർഷത്തെ നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട് അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുവാൻ സുപ്രീം കോടതി വിധി വഴി തുറന്നു. ബാബറി മസ്ജിദ് സ്ഥിതി ചെയ്ത ഭൂമി രാമക്ഷേത്രം ഉണ്ടാക്കാൻ വിട്ടുനൽകാനും കർസേവകർ തകർത്ത പള്ളിക്ക് പകരം മറ്റൊരു ഭൂമിയിൽ പള്ളി പണിയാനുമായിരുന്നു പരമോന്നത കോടതിയുടെ വിധി.
അതേസമയം 1992 വരെ ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന ബാബറി മസ്ജിദ് കർസേവകർ പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
Content highlight: In Ayodhya case, SC spoke in one voice keeping long history of conflict in mind: CJI Chandrachud