ജെറുസലേം: ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമായി ഇസ്രഈലി സൈന്യം ആക്രമണം നടത്തിയത് ഗസയിലെ 21 സ്‌കൂളുകള്‍ക്ക് നേരെയെന്ന് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ സൈനിക നടപടിയില്‍ 267 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ് മോണിറ്ററാണ് ഈ കണക്ക് പുറത്തുവിട്ടത്.
ഇതില്‍ ഭൂരിഭാഗം സ്‌കൂളുകളും കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ അഭയം തേടിയവയാണ്. ഗസയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ ഉള്‍പ്പെടെ ഇസ്രഈലിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്.
സ്‌കൂളുകളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഗസയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ നടത്തുന്ന വംശഹത്യക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ലോകരാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഗസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെടുകയുണ്ടായി.
സ്‌കൂളുകള്‍ ആക്രമിക്കുന്നതിനിടെ തങ്ങള്‍ തോക്ക് കൈവശം വെച്ചിരിക്കുന്ന ഫലസ്തീനികളെ നേരിട്ടുവെന്ന് മുമ്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇസ്രഈലി സൈന്യത്തിന്റെ പ്രസ്തുത വാദത്തെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ തള്ളുകയും ചെയ്തിരുന്നു.
തോക്കുധാരികളെ നേരിട്ടുവെന്ന ഇസ്രഈലി സൈന്യത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ സൈനികരുടെ പക്കലില്ലെന്ന് ഹ്യൂമന്‍ റൈറ്റ് മോണിറ്റര്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ ജനത സുരക്ഷിതരാണെന്നും അന്താരാഷ്ട്ര നീതിന്യായ-ക്രിമിനല്‍ കോടതികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇസ്രഈല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംഘടന പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മറ്റു മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു.
ഗസയിലെ 70 ശതമാനം സ്‌കൂളുകള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഭാഗികമായും പൂര്‍ണമായും നശിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഗസയിലെ സെയ്ടൗണ്‍ പരിസരത്തെ സ്‌കൂളില്‍ അഭയം തേടിയിരുന്ന 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 41,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 95,700 പേര്‍ക്ക് ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.
Content Highlight: In August, Israel attacked 21 schools in gaza