അട്ടപ്പാടി നിവാസികള്‍ ഏറെ ഭയത്തോടെയാണ് വരുന്ന ജൂണ്‍ മാസത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ സെപ്തംബര്‍ 17 അവര്‍ ഒരിക്കലും മറക്കില്ല. പത്തു വര്‍ഷത്തിനു ശേഷം വന്നെത്തിയ പ്രളയത്തില്‍ അട്ടപ്പാടി തീര്‍ത്തും ഒറ്റപ്പെട്ടു. ജനജീവിതം താറുമാറായി. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയുള്ള മരണം, വൈദ്യുതി ബന്ധം പൂര്‍ണമായും ഇല്ലാതായി. ചെക്ക് പോസ്റ്റുകള്‍ വനം വകുപ്പ് അടച്ചു. ഭക്ഷണമെത്തിക്കാന്‍പോലും എത്തിച്ചേരാന്‍ കഴിയാത്ത വിധത്തിലുള്ള മണ്‍ കൂനകളും കൂറ്റന്‍ പാറകളും. രണ്ടാഴ്ച്ചത്തോളമെടുത്തു അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്- ആനക്കട്ടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ .
ഈ കറുത്ത ദിനങ്ങളെ അധികാരികളുള്‍പ്പെടെ മറന്നെങ്കിലും അട്ടപ്പാടി ജനത മറന്നിട്ടില്ല. വലിയൊരു മഴക്കാലം വരാന്‍ കിടക്കുമ്പോള്‍ കഴിഞ്ഞ മഴയില്‍ ഏറ്റവും നാശം വിതച്ച അട്ടപ്പാടി ചുരത്തില്‍ ഒരു മുന്‍കരുതലും ഇതുവരെ അധികാരികള്‍ എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂറ്റന്‍ മരങ്ങളും പാറക്കെട്ടുകളും ദുരന്തം വിതയ്കാന്‍ പാകത്തില്‍ ചുരത്തിനിരുവശവും റോഡിലേയ്ക്ക് തൂങ്ങിനില്‍ക്കുന്നു. റോഡിന്റെ നാല്‍പ്പത് ശതമാനത്തോളം പലയിടങ്ങളിലും ഇടിഞ്ഞുവീണു. കഴിഞ്ഞ മണ്ണിടിച്ചിലില്‍ പാതിയടര്‍ന്ന പാറകളും മരങ്ങളും വേറെയും. തുടര്‍ന്ന് സ്ഥാപിച്ച സുരക്ഷാ വേലി പലതും ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. പലയിടത്തും പാര്‍ശ്വങ്ങളില്‍ നേരിയ വിള്ളലുകളും കണ്ടുതുടങ്ങിയിരിക്കുന്നു. ചുരത്തില്‍ സൈഡ് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യത്തിന്”പലയിടത്തും സൈഡ് ഇല്ല” എന്ന മറുപടിയാണ് ബസ് ഡ്രൈവര്‍ നല്‍കിയത്.
വളവുകളില്‍ പലയിടത്തും വാഹനങ്ങള്‍ സൈഡിനായി ഏറെ പണിപ്പെടുന്നു. കഴിഞ്ഞ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി വിഭാഗം നിരവധി സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അവയില്‍ രണ്ടു മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലെങ്കിലും ബാക്കിയുള്ളൂ. ചുരം റോഡില്‍ രൂപപ്പെട്ട കുഴികളടയ്ക്കാന്‍ പോലും പി.ഡബ്ല്യു.ഡി തയ്യാറായിട്ടില്ല.
പ്രളയം കവര്‍ന്നെടുത്ത കറുത്ത സെപ്റ്റംബര്‍
കുത്തനെയുള്ള കയറ്റമുള്‍പ്പെടെ പന്ത്രണ്ട് ഹെയര്‍ പിന്‍ വളവുകളാണ് ചുരത്തിനുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി രണ്ടായിരത്തില്‍പരം ആളുകളാണ് മണ്ണാര്‍ക്കാട്ടേക്കും പാലക്കാട്ടേക്കും ദൂരസ്ഥലങ്ങളിലേക്കുമെല്ലാം യാത്രചെയ്യുന്നത്. പ്രധാന ടൂറിസ്റ്റ് സ്‌പേസും കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കെല്ലാം പെട്ടെന്ന് എത്തപ്പെടാവുന്നതും ഈ ചുരം വഴിയാണ്.
2017 സെപ്തംബര്‍ 17 ലെ കനത്ത മഴയില്‍ ചുരത്തില്‍ പതിനഞ്ച് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. അന്ന് കൂറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളുമെല്ലാം അടര്‍ന്ന് റോഡിലേക്ക് വീഴുകയും റോഡ് ചില ഭാഗങ്ങളില്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലും പലയിടത്തും മണ്ണിടിഞ്ഞുകൊണ്ടിരുന്നു. നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ റോഡില്‍ മണ്ണ് കൂടിക്കിടന്നു. വലിയൊരു ദുരന്തത്തില്‍നിന്നുമാണ് അന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. അട്ടപ്പാടി-പാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് തൊട്ടു മുന്നിലായിരുന്നു അന്ന് കൂറ്റന്‍ പാറകളും മരങ്ങളും അടര്‍ന്നുവീണത്.
അടിയന്തിരമായി അട്ടപ്പാടിയില്‍ എത്തേണ്ടവരെ വനം വകുപ്പ് വാഹനങ്ങളില്‍ എത്തിച്ചു. മേഖലയില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്ന മഴ ചുരത്തിലെ രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചു. വനം വകുപ്പ്, റവന്യു, അഗ്‌നിശമന സേന, പോലിസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് മണ്ണു മാന്തികള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം നടത്തി. മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ പന്ത്രണ്ടിടങ്ങളിലാണ് അന്ന് വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായത്. നരസിമുക്ക്-അഗളി റോഡ്, ചിറ്റൂര്‍, ഗൂളിക്കടവ്, പൊട്ടിക്കല്‍ റോഡുകളിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ദിവസങ്ങളോളം തുടര്‍ച്ചയായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ചുരം റോഡ് തുറന്നു. എന്നാല്‍ കാലത്ത് ആറു മുതല്‍ വൈകീട്ട് ആറുവരെ മാത്രമായിരുന്നു ഗതാഗത സമയം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത് വകുപ്പ്-റോഡ് വിഭാഗം അന്ന് കണക്കാക്കിയത്.
വാഗ്ദാനങ്ങള്‍ മാത്രം ബാക്കിയാക്കുന്ന അധികാരികള്‍
ഏറെ കാലമായുള്ള അട്ടപ്പാടി നിവാസികളുടെ ആവശ്യമാണ് ചുരം വഴിയല്ലാതെയുള്ള ബദല്‍റോഡ്. കഴിയാവുന്ന കാര്യങ്ങള്‍ ഉടനെ ചെയ്യും എന്ന ജനപ്രതിനിധികളുടെ വാക്കുകളില്‍ ഇപ്പോള്‍ അട്ടപ്പാടി നിവാസികള്‍ക്ക് പ്രതീക്ഷയില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ ഗതികെട്ട് അട്ടപ്പാടിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അട്ടപ്പാടി ജനത മുക്കാലിയില്‍ റോഡുപരോധിച്ചു. നിലവില്‍ കണ്ടെത്തിയിട്ടുള്ള ബദല്‍ പാതയ്ക്കുള്ള സ്ഥലത്ത് റോഡ് വന്നാല്‍ വനഭൂമി നശിപ്പിക്കപ്പെടും എന്ന കാരണത്താലാണ് നടപടികള്‍ നീണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലയുടെ മലയോര മേഖലയായ അട്ടപ്പാടിയിലേക്കുള്ള യാത്രാക്ലേശം മുന്‍നിര്‍ത്തി 2014ലായിരുന്നു പൊതുമരാമത്ത് വകുപ്പ് ബദല്‍ റോഡ് സാധ്യതാപഠനം നടത്തിയത്. അഗളിയില്‍നിന്നും തുടങ്ങി മുണ്ടന്‍ പാറ, പാറ വളവ്, കുറുക്കന്‍ കുണ്ട് എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോയി കാഞ്ഞിരപ്പുഴയിലെ പൂഞ്ചോലയില്‍ എത്തുന്നതായിരുന്നു കണ്ടെത്തിയ ബദല്‍ പാത. പതിനഞ്ച് കിലോമീറ്ററായിരുന്നു ബദല്‍ പാതയുടെ ദൂരം.
ഈ പാത യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ചുരത്തിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതോടൊപ്പം മുപ്പത് കിലോമീറ്റര്‍ ദൂരം ലാഭിക്കാനുമാകും. എന്നാല്‍ സാധ്യതാ പഠനങ്ങള്‍ നടത്തി എന്നതല്ലാതെ തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ കടലാസ്സില്‍ ചുരുണ്ടുകൂടി. ബദല്‍ പാതയ്ക്കായി കണ്ടെത്തിയ ഇടത്ത് 2.4 കിലോമീറ്റര്‍ വനമാണ് എന്നതിനാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കാത്തതുതന്നെയാണ് ഇതിനു പ്രധാന തടസ്സമായി വന്നത്.