ദിസ്പുര്‍: അസമില്‍ 636 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ദേശീയ പാത തകര്‍ന്നു. തുലുംഗിയ മുതല്‍ ജോഗിഹോപ വരെയുള്ള ദേശീയ പാതയാണ് തകര്‍ന്നത്. കനത്ത മഴ തകര്‍ച്ചയ്ക്ക് കാരണമായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആര്‍.എസ്.ബി.ഐ എന്ന കമ്പനിയാണ് തകര്‍ന്ന ഹൈവേയുടെ നിര്‍മാണം ഏറ്റെടുത്തിരുന്നത്.
ഹൈവേ തകര്‍ന്നതിന് പിന്നാലെ നിര്‍മാണ കമ്പനിക്കെതിരെയും നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെയും നാട്ടുകാര്‍ രംഗത്തെത്തി.
അനുവദിക്കപ്പെട്ട മുഴുവന്‍ തുകയും റോഡിന്റെ നിര്‍മാണത്തിനായി കമ്പനി ഉപയോഗിച്ചിട്ടില്ല. ഇതിനുമുമ്പും സംസ്ഥാനത്തെ ദേശീയ പാതകള്‍ ഇത്തരത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് തകര്‍ന്ന റോഡ് കല്ലും മണ്ണും ഉപയോഗിച്ച് ആര്‍.എസ്.ബി.ഐ നിരപ്പാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.എസ്.ബി.ഐ നിര്‍മിച്ച ദേശീയ പാതകള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് നിലവില്‍ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി ദേശീയ പാത നിര്‍മിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
2024ന്റെ തുടക്കത്തില്‍ കബൈതരിയിലെ എഫ്.സി.ഐ മേല്‍പ്പാലത്തിന് സമീപമുള്ള റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. മെയ് 27ന് പെയ്ത അതിതീവ്ര മഴയില്‍ ദിമ ഹസാവോ ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ സമീപത്തുള്ള റോഡിന്റെ ഭൂരിഭാഗവും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് ഹഫ്ലോങ്-സില്‍ചാര്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു.
ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നു വീണതിന് പിന്നാലെയാണ് അസമിലെ സംഭവം. മൂന്ന് ആഴ്ചക്കിടെ 13 പാലങ്ങളാണ് ബീഹാറില്‍ തകര്‍ന്നത്. ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്റെ പശ്ചാത്തലത്തില്‍ പാലം സംരക്ഷിക്കുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടെത്തിയിരുന്നു. പാലം പരിപാലിക്കുന്നതിന് വേണ്ടി മാത്രം പ്രത്യേക നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാര്‍.
Content Highlight: In Assam, the national highway built at a cost of Rs 636 crore has collapsed