ദിസ്പൂർ: അസമിൽ റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് മുസ്‌ലിം വീടുകൾ മാത്രം തകർത്ത് സർക്കാർ അധികൃതർ. ഇത് വരെ പൊളിച്ചു നീക്കിയവയിൽ 8000 മുസ്‌ലിം വീടുകൾ ഉൾപെടും. അതേസമയം ഇവർക്കൊപ്പം താമസിച്ചിരുന്ന ഹിന്ദുക്കളുടെ വീടുകൾ പൊളിച്ചിട്ടില്ല.
അസമിലെ മോറിഗാവ് ജില്ലയിലെ സിൽബംഗ ഗ്രാമത്തിലാണ് സംഭവം. മിക്ക വീടുകളും തകര ഷീറ്റു കൊണ്ട് മേഞ്ഞവയാണ്. 40 വർഷമായി ഇവിടെ താമസിക്കുന്നവരാണ് ഒഴിപ്പിക്കപ്പെട്ടവർ. കഴിഞ്ഞ ദിവസം കനത്ത മഴക്കിടെയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി.
ഗുവാഹത്തി ഹൈക്കോടതി വിധി നടപടിക്ക് സ്റ്റേ നൽകിയിരുന്നെങ്കിലും അതൊന്നും വക വെക്കാതെയായിരുന്നു അധികൃതരുടെ നീക്കം. കെട്ടിടാവശിഷ്ടങ്ങളുടെ സമീപത്ത് തന്നെ ഒരു കൂട്ടം വീടുകളും ആശ്രമങ്ങളും ക്ഷേത്രവും സ്കൂളും നില നിൽക്കുന്നുണ്ട്. ഹിന്ദുക്കളുടെ ആയതു കൊണ്ട് തന്നെ ഇവ പൊളിച്ചിട്ടില്ല.
മുസ്‌ലിം വിഭാഗക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള ഈ നടപടി സർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളെ തുടർന്ന് വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങളും ഇതിലുണ്ട്.
ഇവിടെ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മദ്രസകളും പൊളിച്ചു നീക്കിയിട്ടുണ്ട്. വീട് നഷ്ടപെട്ട കുടുംബങ്ങളെ കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്.
ഒഴിപ്പിക്കൽ രാഷ്ട്രീയം പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാത്ത മുസ്‌ലിങ്ങളെ ബി.ജെ.പി ശിക്ഷിക്കുകയാണെന്ന് നാഗോവ് എം.പി പ്രദ്യുത് ബൊർദോലോയ് പറഞ്ഞു.