കരിക്കിന്റെ സ്‌കെച്ച് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് രാഹുല്‍ രാജഗോപാല്‍. ഉല്‍ക്കയിലെ പൊലീസുകാരനും കലക്കാച്ചിയിലെ തമ്പാച്ചനും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇതിനു മുമ്പേ തന്നെ വൈശാഖിന്റെ നിരവധി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. 2020 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതോടെ താന്‍ മികച്ച ഒരു നാടനാണെന്നുള്ളത് അദ്ദേഹം ഒന്നുകൂടി ഉറപ്പിക്കുകയാണ്.
ഓരോ കഥാപാത്രത്തിനായും ചെയ്യുന്ന തയ്യാറെടുപ്പുകളെ പറ്റി സംസാരിക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍.
‘ഞാന്‍ ഞാനായി സ്‌ക്രീനില്‍ വന്നാല്‍ ഒരു നടനായിട്ട് ഇവിടെ നിലനില്‍ക്കാനാവില്ല. അങ്ങനെ വന്നാല്‍ ആളുകള്‍ക്ക് മടുക്കും. പല ആളുകളെ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാന്‍ പറ്റിയെങ്കിലേ നടനായി ഇവിടെ നില്‍ക്കാനാവൂ. ചില സംവിധായകര്‍ അത്ര ഡിമാന്റ് ചെയ്യില്ല, ഒന്ന് ചെയ്ത് പോയാല്‍ മതിയെന്നേ പറയൂ. അങ്ങനെയുള്ളവര്‍ക്ക് അത് ചെയ്ത് കൊടുക്കും.
പിന്നെ കഥാപാത്രത്തിന് എന്തെങ്കിലും സ്‌കോപ് കാണുകയാണെങ്കില്‍ സംവിധായകനോ എഴുത്തുകാരനോ ആയി ഡിസ്‌കസ് ചെയ്ത് അവര്‍ എന്താണ് ഈ കഥാപാത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കി അതിനനുസരിച്ച് എന്ത് ചെയ്യാന്‍ പറ്റുമെന്നുള്ളത് ആലോചിക്കും. എന്റെ രൂപത്തിലാണോ, ശബ്ദത്തിലാണോ റിഥത്തിലാണോ മാറ്റം കൊണ്ടുവരേണ്ടതെന്ന് ചിന്തിക്കും.
ആക്റ്റേഴ്സ് ട്രെയ്നിങ്ങില്‍ ഇങ്ങനെയുള്ള കുറച്ച് ടെക്നിക്സ് കിട്ടും. എല്ലാവര്‍ക്കും ഒരേ രീതിയിലാണ് പറഞ്ഞുകൊടുക്കുന്നതെങ്കിലും പലരും പല രീതിയിലാണ് ഇത് യൂസ് ചെയ്യുന്നത്. തിയറി അറിഞ്ഞ് പ്രാക്റ്റിക്കല്‍ ചെയ്യുന്ന പരിപാടിയാണ്,’ രാഹുല്‍ പറഞ്ഞു.
‘കലക്കാച്ചിയിലെ കഥാപാത്രം പ്രായമുള്ള ആളാണെന്ന് പറഞ്ഞിരുന്നു. അയാള്‍ക്ക് ഒരു ലെന്‍സ് വെച്ചു. പ്രായമുള്ളയാളാണെങ്കിലും സ്ട്രോങ്ങാണ് തമ്പാച്ചന്‍, അങ്ങനെയൊരു ബോഡി ലാഗ്വേജ് പിടിച്ചു. അയാള്‍ ഡയലോഗ് പറയുന്നത് വളരെ കട്ടിയുള്ള ശബ്ദത്തിലാണ്. ആ ശബ്ദം കിട്ടാനായി വെളുപ്പാന്‍ കാലത്താണ് പോയി ഡബ്ബ് ചെയ്തത്.
ഇനി ആവാസവ്യൂഹത്തിലെ ജോയിയിലേക്ക് പോയാല്‍ നിഷ്‌കളങ്കനായ ഒരു കുട്ടിയെ പോലെയാണ്. പതിഞ്ഞ ശബ്ദാണ്. വൈപ്പിനിലെ സ്ലാങ്ങ് പിടിക്കാന്‍ നോക്കിയിട്ടുണ്ട്. കൊച്ചിയുടെ തീരപ്രദേശങ്ങളിലാണ് ജോയി വന്നിട്ടുള്ളത്. കുറച്ച് നാള്‍ ആ കഥാപാത്രം അവിടെ ജീവിച്ച് ആളുകളുമായി ഇടപെടുമ്പോള്‍ ആ സ്ലാങ്ങ് വരും.
എന്റെ വീട് കൊല്ലത്താണ്. ഇതില്‍ അഭിനയിച്ച ഷിന്‍സ് ഷാന്‍ വൈപ്പിന്‍കാരനാണ്. എന്റെ കൂടെ ഡബ്ബിങ് കണ്‍സോളില്‍ അദ്ദേഹമുണ്ടായിരുന്നു. ഓരോ വാക്കുകളും അദ്ദേഹമാണ് എന്നെക്കൊണ്ട് പറയിച്ചത്. സ്ലാങ്ങ് പിടിക്കണെമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ എന്റെ ഏക ഡിമാന്റ് ഡബ്ബ് ചെയ്യുമ്പോള്‍ ഷിന്‍സ് ചേട്ടന്‍ കൂടെ വേണമെന്നായിരുന്നു. ചെയ്യുന്ന ജോലി ഏറ്റവും മികച്ചതായി പുറത്ത് വരണമെന്നത് ഏതൊരു അഭിനേതാവിന്റേതാണെങ്കിലും സംവിധായകന്റെയാണെങ്കിലും ആഗ്രഹമാണ്. അതിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്‍ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: In an interview with DoolNews, Rahul rajagopal talks about the preparation for each character