നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ പോയി കാണൂ, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തൂ, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട: ലാല്‍ജോസ്
Film News
നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ പോയി കാണൂ, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തൂ, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട: ലാല്‍ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st August 2022, 6:40 pm

സിനിമ കാണുന്ന പ്രേക്ഷകരെല്ലാം ഇപ്പോള്‍ നിരൂപകരാകുന്ന കാലമാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടുണ്ടെങ്കില്‍ ആര്‍ക്കും റിവ്യൂവര്‍ ആകാം. സിനിമാ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഫേസ്ബുക്ക് റിവ്യൂകള്‍ വരുന്നത് ഇപ്പോള്‍ ഒരു സാധാരണ കാര്യമാണ്. സിനിമ നിരൂപണത്തിലുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ലാല്‍ജോസ്.

‘എല്ലാ തരം ജോണറിലുള്ള സിനിമകളും ഉണ്ടാകണം, ബാക്കി ജോണറിലുള്ള സിനിമകളെ പുച്ഛിക്കുന്ന പ്രവണത ശരിയല്ല. സിനിമയെ സ്നേഹിക്കുന്ന ആളുകള്‍ എല്ലാ തരം ജോണര്‍ സിനിമകളെയും പ്രോത്സാഹിപ്പിക്കണം. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്ത ജോണറിലുള്ള സിനിമകള്‍ കാണണ്ട. നിങ്ങളെന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത് എന്നതാണ് എനിക്ക് മനസ്സിലാവാത്തത്. നിങ്ങള്‍ക്കിപ്പോള്‍ ഇങ്ങനത്തെ സിനിമകള്‍ ഇഷ്ടമല്ലെങ്കില്‍ അതിന് പോകാതിരുന്നാല്‍ പോരെ, നിങ്ങളതിന് പോവുകയുമില്ല നിങ്ങള്‍ക്കിഷ്ടവുമല്ല, എന്നിട്ട് അതിനെതിരെ ഘോര ഘോരം പ്രസംഗിക്കുകയും ചെയ്യും. ഇതെന്തിനാണ് എനര്‍ജി വേസ്റ്റ് ചെയ്യുന്നത്.

നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ പോയി കാണൂ, ഇഷ്ടമുള്ള ജോണറിലുള്ളത് കാണൂ, ഇഷ്ടമുള്ള ഡയറക്ടറുടെ സിനിമ കാണൂ, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തൂ, അതിന് ഓഡിയന്‍സ് ഉണ്ടാക്കാനായി എല്ലാ എഫേര്‍ട്ടും യൂസ് ചെയ്യൂ. നിങ്ങളെന്തിനാണതിനെ അറ്റാക്ക് ചെയ്യുന്നത്,’ ലാല്‍ജോസ് പറഞ്ഞു.

‘വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനം എന്ന് പറയുന്നത് ക്രിയാത്മകമാകണം, അല്ലാതെ എഡിറ്റിങ്ങില്‍ അവസാനത്തെ മൂന്ന് സെക്കന്റില്‍ നാല് കട്ട് ശരിയായില്ല എന്നൊക്കെ പറയുന്നത് സ്റ്റുപ്പിഡിറ്റിയാണ് വിമര്‍ശനമല്ല. അതായത് വിമര്‍ശകന്‍ വിമര്‍ശകന്റെ അറിവ് പ്രകടിപ്പിക്കാന്‍ വേണ്ടി കീറിമുറിക്കുന്നതിനെ വിമര്‍ശനം എന്ന് പറയാന്‍ പറ്റില്ല. വിമര്‍ശനം എന്ന് പറയുന്നത്, അതിലുള്ള പാകപ്പിഴകള്‍ കൃത്യമായിട്ട് ചൂണ്ടി കാണിക്കുന്നതിനെയാണ്. അല്ലാതെ അതിന്റെ എഡിറ്റിങ്ങില്‍ മറ്റെ ഷോട്ടില്‍ ഒരു ലൈറ്റ് കത്തിയിട്ടില്ല എന്നൊക്കെ പറയുന്നതല്ല. ആരാണ് സിനിമ കാണുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നത്? അല്ലെങ്കില്‍ ആരെയാണ് ബാധിക്കുന്നത്?

വിമര്‍ശനം ക്രിയാത്മകമാണെങ്കില്‍ സ്വാഗതാര്‍ഹം. വിമര്‍ശനം പാര്‍ഷ്വലാവുമ്പോഴും, മറ്റാര്‍ക്കൊ വേണ്ടി മറ്റെന്തോ കാരണം കൊണ്ട് ചെയ്യുമ്പോഴും അത് നല്ല അടി കിട്ടേണ്ട കേസാണ്. അത്തരം വിമര്‍ശനങ്ങള്‍ മോശം തന്നെയാണ്, ചെയ്യാന്‍ പാടില്ലാത്തതുമാണ്. നല്ല വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം. ഇത് ശരിയായില്ല, ഞങ്ങളെ ഈ രീതിയില്‍ ആസ്വദിപ്പിക്കാന്‍ ഉദ്ദേശിച്ച പോലെ സിനിമ വന്നില്ല എന്ന് പറയുന്നത് ഓക്കെ, പക്ഷെ ഒരു കാരണവുമില്ലാതെ ഒരു കാര്യവുമില്ലാതെ എന്തിനാണ് വിമര്‍ശിക്കന്നതെന്ന് പോലും മനസ്സിലാവാതെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: In an interview with DoolNews, director Laljos opens up about his views on film reviews