2022ല്‍ റിലീസായ മലയാള സിനിമകളില്‍ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ ജന ഗണ മന. ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു വിന്‍സി അലോഷ്യസ് അവതരിപ്പിച്ച ഗൗരി. വിന്‍സിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ ഗൗരിയെ പറ്റി സംസാരിക്കുകയാണ് ഡൂള്‍ന്യൂസില്‍ അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തില്‍ വിന്‍സി.
‘എനിക്ക് രാഷ്ട്രീയം ഒട്ടും ഇഷ്ടമല്ല. ഗൗരി എന്ന കഥാപാത്രത്തിന്റെ ഇന്‍ഫ്‌ളുവന്‍സ് ഒന്നും മനസിലാക്കിയിട്ടല്ല ഞാന്‍ ജന ഗണ മനക്ക് യെസ് പറഞ്ഞത്. കൊളാബ് ചെയ്യാന്‍ പറ്റിയ നല്ല ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമുള്ള സിനിമയാണ്.
പൊളിറ്റിക്‌സ് പറയുന്ന സിനിമയാണ്. ആളുകളെ ട്രിഗര്‍ ചെയ്യാന്‍ പറ്റുന്ന ആവേശകരമായ ഒന്നാണ് പൊളിറ്റിക്‌സ്. അതാണ് അവിടുത്തെ മാര്‍ക്കറ്റിങ് പോയിന്റ്. എന്റെ കഥാപാത്രം ഇത്രയും ഗംഭീരമാവാന്‍ കാരണം അതിന് കൊടുത്ത ബി.ജി.എം ഒക്കെയാണ്, പിന്നെ ആ മൂവിയുടെ ഒരു മാസ് ഉണ്ട്. ഇതൊക്കെ ആയിരിക്കാം ഈ കഥാപാത്രം ഇത്രയും അടിപൊളിയാവാന്‍ കാരണം.
ഗൗരി എന്ന കഥാപാത്രം മീഡിയ എന്ത് പറയുന്നോ അത് വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളുടെ പ്രതിനിധിയാണ്. ഒന്നും മനസിലാവാത്ത ആളുകളുടെ പ്രതിനിധിയാണ് ഗൗരി. അത് മാസാക്കി കാണിക്കുമ്പോള്‍ അവളുടെ കുറ്റങ്ങളും കുറവുകളും അവര്‍ ചിന്തിക്കുന്നില്ല. ആ പഞ്ചില്‍ ഗൗരി ആളുകളിലേക്ക് എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് അറിയാം,’ വിന്‍സി പറഞ്ഞു.
‘സ്‌ക്രീനില്‍ കാണാന്‍ ഏറ്റവും എക്‌സൈറ്റഡായി ഇരുന്ന കഥാപാത്രം ജന ഗണ മനയിലെ ഗൗരിയാണ്. കാരണം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്ന കഥാപാത്രത്തിന് കുറച്ച് മാസ് ഇട്ട് തരുന്നത്. ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ പുറകില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിചേരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു. അത് കാണാനുള്ള ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു.
ബാക്കി സിനിമിയില്‍ റിലീസിന് മുമ്പ് തന്നെ ആ പോഷന്‍സ് കാണിച്ചുതന്നിട്ടുണ്ട്. എന്നാല്‍ ജന ഗണ മനയിലെ എന്റെ പോഷന്‍സ് കാണിച്ചു തന്നിട്ടേയില്ല. ഡിജോ ചേട്ടന്‍ അടുപ്പിച്ചിട്ടേയില്ല. നീ സ്‌ക്രീനില്‍ കണ്ടാല്‍ മതിയെന്ന് പറഞ്ഞു. ഡബ് ചെയ്യുമ്പോള്‍ പോലും എന്റെ പോഷന്‍സ് സ്‌കിപ് ചെയ്ത് കളയും. അവിടെ സൗണ്ട് കൊടുക്കേണ്ടേ എന്ന് ചോദിക്കുമ്പോള്‍ അവിടെ നിനക്ക് സൗണ്ട് ഇല്ല എന്ന് പറയും. ഇതെനിക്ക് കാണാന്‍ ഭയങ്കര ആകാംക്ഷയായിരുന്നു,’ വിന്‍സി കൂട്ടിച്ചേര്‍ത്തു.
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകളാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിന്‍സിയുടെ ചിത്രം. ലാല്‍ജോസിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദര്‍ശന, ആഡിസ്, ശംഭു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: In an interview on DoolNews, Vinciy aloshius talks about Gauri in jana gana mana