| Tuesday, 22nd November 2022, 12:11 pm

വെസ്റ്റ് ബാങ്ക് ഇസ്രഈല്‍ അധിനിവേശ പ്രദേശമല്ല, തര്‍ക്ക പ്രദേശം മാത്രം; വിവാദത്തിലായി യു.എസ് ഗവര്‍ണറുടെ പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി അമേരിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് (Ron DeSantis).

വെസ്റ്റ് ബാങ്ക് ഇസ്രഈല്‍ കൈവശപ്പെടുത്തുകയോ അധിനിവേശം ചെയ്യുകയോ ചെയ്ത പ്രദേശമല്ലെന്നും തര്‍ക്ക പ്രദേശം മാത്രമാണെന്നുമായിരുന്നു ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസ് പറഞ്ഞത്.

നവംബര്‍ 19ന് നെവാഡയിലെ ലാസ് വെഗാസില്‍ വെച്ച് നടന്ന റിപ്പബ്ലിക്കന്‍- ജൂത സഖ്യത്തിന്റെ (Republican Jewish Coalition) വാര്‍ഷിക കണ്‍വെന്‍ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.

”വെസ്റ്റ് ബാങ്ക് ‘അധിനിവേശ പ്രദേശമല്ല, തര്‍ക്ക പ്രദേശമാണ്’, ചരിത്രപരമായി ജൂതരുടെ ഭൂമിയാണ്. ഈ വിഷയത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ത് പറഞ്ഞാലും ഞാനത് കാര്യമായെടുക്കുന്നില്ല.

അത് അധിനിവേശ പ്രദേശമല്ല, തര്‍ക്ക പ്രദേശം തന്നെയാണ്. നിങ്ങള്‍ ചരിത്രം അറിയണം,” എന്നായിരുന്നു റോണ്‍ ഡിസാന്റിസ് പറഞ്ഞത്.

2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കാന്‍ സാധ്യതയുള്ളയാള്‍ കൂടിയാണ് ഡിസാന്റിസ് എന്നതും ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഇസ്രഈലി സെറ്റില്‍മെന്റുകള്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിര്‍മിക്കുന്നതിനെ അനുകൂലിക്കുന്ന കാഴ്ചപ്പാടായാണ് ഡിസാന്റിസിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

ദീര്‍ഘകാലമായുള്ള അമേരിക്കന്‍ പോളിസിക്ക് വിരുദ്ധമായ ഡിസാന്റിസിനെ പ്രതികരണം ഇതിനോടകം വിവാദമായിട്ടുണ്ട്.

ഇസ്രഈലിലേക്ക് നയിച്ച ഒരു വ്യാപാര ദൗത്യത്തെക്കുറിച്ച് സംസാരിക്കവെ വലതുപക്ഷ ഇസ്രഈലികള്‍ വെസ്റ്റ് ബാങ്കിനെ കുറിച്ച് പറയാന്‍ വേണ്ടി ഉപയോഗിക്കുന്ന ബൈബിള്‍ പേരുകളാണ് (ജൂത, സമരിയ പ്രദേശം) ഡിസാന്റിസും ഉപയോഗിച്ചത്.

ഇസ്രഈലിന്റെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനാണ് ജൂത, സമരിയ പ്രദേശം (Judea and Samaria Area). 1967 മുതല്‍ ഇസ്രഈല്‍ അധിനിവേശം നടത്തുന്ന വെസ്റ്റ് ബാങ്കിനെ മുഴുവനായും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്.

എന്നാല്‍ കിഴക്കന്‍ ജറുസലേം ജൂത, സമരിയ പ്രദേശത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

അതേസമയം ഇസ്രഈലിന്റെ പുതിയ തീവ്ര വലതുപക്ഷ സര്‍ക്കാരിനെ നയിക്കാന്‍ പോകുന്ന നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രഈലി സെറ്റില്‍മെന്റുകള്‍ സംബന്ധിച്ച് പുതിയ പ്രസ്താവന നടത്തിയിരുന്നു.

വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രഈലി കുടിയേറ്റ ഔട്ട്പോസ്റ്റുകളും നിയമവിധേയമാക്കുമെന്നായിരുന്നു വലതുപക്ഷ നേതാവ് ഇറ്റാമര്‍ ബെന്‍ ഗ്വിറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹു പ്രഖ്യാപിച്ചത്.

Content Highlight: In America, Florida governor says West Bank is disputed and not Israeli-occupied territory 

We use cookies to give you the best possible experience. Learn more