| Saturday, 21st July 2018, 11:26 pm

മോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബി.ജെ.പിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മോദിയുടെ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങളും കൂടുമെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍.

“മോദിജിയുടെ ജനാംഗീകാരം കൂടുന്നതിനനുസരിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ “അവാര്‍ഡ് വാപ്‌സി”യായിരുന്നു. യു.പിയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, 2019ല്‍ മറ്റെന്തെങ്കിലുമായിരിക്കും. മോദി നിരവധി പദ്ധതികള്‍ കൊണ്ടുവന്നു, അതിന്റെ ഫലങ്ങള്‍ കാണാവുന്നതാണ്. ഈ ആള്‍ക്കൂട്ട കൊലപാതകം ഇതിനോടുള്ള ഒരു പ്രതികരണം മാത്രം.” മേഘ്‌വാള്‍ പറഞ്ഞു.

ആല്‍വാറില്‍ ഗോരക്ഷകര്‍ പശുക്കടത്താരോപിച്ച് അക്ബര്‍ ഖാന്‍ എന്നയാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകര്‍ കൊലപ്പെടുത്തിയ അക്ബര്‍ ഖാന്‍ പശുക്കള്ളനാണെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയായ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞിരുന്നു. അക്ബര്‍ ഖാനെ പിടിച്ചുവെച്ചവര്‍ കുറച്ചു മാത്രമേ അടിച്ചിട്ടുള്ളൂവെന്നും പൊലീസ് ആണ് മര്‍ദ്ദിച്ചതെന്നും ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞിരുന്നു.

അക്ബര്‍ ഖാനും സുഹൃത്തും ഹരിയാനയിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ആല്‍വറിലെ ലാലവണ്ടി കാട്ടിലൂടെ പശുക്കളെയും കൊണ്ടുപോകുമ്പോള്‍ അഞ്ചംഗ സംഘം വെള്ളിയാഴ്ച ആക്രമിക്കുകയായിരുന്നു. കാണ്‍പൂരിലെ ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്കാണ് ഇവര്‍ പശുക്കളെ വാങ്ങിയത്. പരിക്കേറ്റ അസ്ലം രക്ഷപ്പെട്ടിരുന്നു.

ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ആല്‍വാറില്‍ കഴിഞ്ഞ വര്‍ഷം ഗോരക്ഷകര്‍ തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.

We use cookies to give you the best possible experience. Learn more