സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തി; പരീക്ഷാ ഹാളില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്തിറക്കി വസ്ത്രം മാറ്റിച്ച് ആലപ്പുഴ കെ. ഇ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍
ആലപ്പുഴ: സ്ലീവ് ലെസ് ഡ്രസ് ഇട്ട് വന്ന പെണ്‍കുട്ടിയെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടസ്സപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍. സ്ലീവ് ലെസ് മാറ്റി മറ്റൊരു ഡ്രസ് ഇട്ടതിന് ശേഷം മാത്രമാണ് കുട്ടിയെക്കൊണ്ട് ഇവര്‍ പരീക്ഷ എഴുതിച്ചത്.
ആലപ്പുഴ, മുഹമ്മ കെ. ഇ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ സഹോദരിയാണ് ഡൂള്‍ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ആദ്യം പരീക്ഷയെഴുതാന്‍ അനുവദിച്ചു. എന്നാല്‍ സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് ഉടന്‍ തന്നെ മറ്റേതെങ്കിലും വസ്ത്രം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.
നാളെ മുതല്‍ യൂണിഫോം ധരിപ്പിക്കാമെന്നും തത്കാലം ഇന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും കുട്ടിയുടെ അമ്മ പറയുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് സ്‌കൂളില്‍ യൂണിഫോം ധരിക്കാന്‍ പറ്റില്ലെന്നും വേറെ കളര്‍ ഡ്രസ് വേണമെന്നും ടീച്ചര്‍ നിര്‍ബന്ധിച്ചിരുന്നതായും സഹോദരി പറഞ്ഞു.
കുട്ടിയുടെ പരീക്ഷയെ തടസ്സപ്പെടുത്തരുതെന്നും, ഇനി ഇത്തരത്തിലുള്ള വസ്ത്രം ധരിപ്പിക്കില്ല എന്ന് അമ്മ ആവര്‍ത്തിച്ച് പറയുമ്പോഴും അധ്യാപിക മറ്റൊരു വസ്ത്രം കൊണ്ടുവരണമെന്ന് ശഠിക്കുകയായിരുന്നു.
‘ഫാദര്‍ ഇത് കണ്ട് വന്ന് എന്തെങ്കിലും നടപടിയെടുത്താല്‍ എനിക്കൊന്നും മിണ്ടാന്‍ പോലും പറ്റില്ല, അതുകൊണ്ട് എത്രയും പെട്ടന്ന് നിങ്ങള്‍ മറ്റേതെങ്കിലും ഓവര്‍കോട്ടോ, കൈയുള്ള ഏതെങ്കിലും ഡ്രസ്സോ കൊണ്ടുവരണം,’ എന്നാണ് അധ്യാപിക പറയുന്നത്.
പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടിയെ പുതിയ വസ്ത്രം കൊണ്ടു വന്ന ശേഷം, പരീക്ഷാ ഹാളില്‍ നിന്നും ഇറക്കി അത് ധരിപ്പിച്ച ശേഷമാണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത്.
ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ സ്‌കൂളില്‍ നടക്കുന്നുണ്ടെന്നും, അത്തരത്തിലുള്ള പല സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് ഇതെന്നും സഹോദരി പറഞ്ഞു.