Rajastan
അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 27, 11:34 am
Saturday, 27th April 2024, 5:04 pm

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്ന് അജ്ഞാതര്‍. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അജ്മീറിലെ ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിലെ അമീറിനെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവിയെ മരിക്കുന്നതുവരെ മര്‍ദിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

ആക്രമണം നടക്കുന്ന സമയം മസ്ജിദിനുള്ളില്‍ ആറ് കുട്ടികളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബഹളം വെച്ചാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘പെട്ടെന്ന് മൂന്ന് അക്രമികള്‍ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവര്‍ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ ഞങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികള്‍ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു,’ കുട്ടികള്‍ പറഞ്ഞു.

‘ചില മദ്രസാ വിദ്യാര്‍ത്ഥികളും പള്ളിയില്‍ താമസിച്ചിരുന്നു. സംഭവസമയം ആറ് കുട്ടികളാണ് മസ്ജിദിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതേ പള്ളിയിലാണ് മൗലാന മാഹിറും താമസിച്ചിരുന്നത്,’ രാംഗഞ്ച് പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ രവീന്ദ്ര സിങ് പറഞ്ഞു. കുട്ടികളുടെ ശബ്ദം കേട്ട് സമീപവാസികള്‍ പള്ളിയിലേക്ക് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദിന്റെ പുറകിലൂടേയാണ് അക്രമികള്‍ വന്നതെന്നും ഇമാമിനെ കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് അതിക്രമം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും അന്വേഷണ സംഘം അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പള്ളിക്ക് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: In Ajmer, Rajasthan, unknown people entered the mosque and beat the imam to death