| Friday, 26th August 2022, 4:45 pm

'പുരുഷന്മാര്‍ ഒപ്പമില്ല'; സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളുടെ ഖത്തര്‍ യാത്ര തടഞ്ഞ് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്ക് പോകാന്‍ അനുവദിക്കാതെ താലിബാന്‍ സര്‍ക്കാര്‍.

പുരുഷന്മാരായ രക്ഷിതാക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യുന്നു (travelling without male guardians) എന്ന കാരണം പറഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്കുള്ള ഫ്‌ളൈറ്റ് ബോര്‍ഡ് ചെയ്യുന്നതില്‍ നിന്നും താലിബാന്‍ തടഞ്ഞത്.

അഫ്ഗാനിലെ പ്രാദേശിക മാധ്യമമാണ് വാര്‍ത്ത വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ കാബൂളില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള വിവിധ സോഴ്‌സുകള്‍ വാര്‍ത്ത സ്ഥിരീകരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനില്‍ (American University of Afghanistan) പഠിക്കുന്ന 60ലധികം വിദ്യാര്‍ത്ഥിനികളെയാണ് തുടര്‍ പഠനത്തിനായി ഖത്തറിലേക്ക് പോകുന്നതിനിടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് താലിബാന്‍ തടഞ്ഞത്.

ഇതോടെ ഇവര്‍ യാത്ര തുടരാനാകാതെ മടങ്ങുകയായിരുന്നു.

അഫ്ഗാനി പെണ്‍കുട്ടികളുടെ യാത്രാ രേഖകളില്‍ യാതൊരു ക്രമക്കേടുമില്ലായിരുന്നെന്നും എല്ലാം കൃത്യമായിരുന്നെന്നും എന്നിട്ടും അവരെ പഠനാവശ്യാര്‍ത്ഥം ഖത്തറിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ-ടിക്കറ്റ്, ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു വനിതാ വിദ്യാര്‍ത്ഥിക്ക് അനുവദിച്ച ഖത്തര്‍ വിസ, വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ വൈസ് പ്രസിഡന്റിന്റെ പ്രിന്റ്, ഇ മെയില്‍, കത്തിടപാടുകള്‍ എന്നിവ അവലോകനം ചെയ്തുവെന്നും എല്ലാം കൃത്യമായിരുന്നെന്നുമാണ് മിഡില്‍ ഈസ്റ്റ് ഐ പറയുന്നത്.

120ലധികം വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും എന്നാല്‍ ഇതില്‍ 62 വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാന്‍ അനുവദിക്കാതെ വീട്ടിലേക്ക് തിരിച്ചയച്ചെന്നുമാണ് ഒരു വിദ്യാര്‍ത്ഥിനി എം.ഇ.ഇക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.

തങ്ങളെ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ താലിബാന്‍ അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞ് വെച്ചുവെന്നും എന്നാല്‍ മറ്റൊരു ആണ്‍കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും വിഷയത്തില്‍ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

Content Highlight: In Afghanistan Taliban stops female university students from flying to Qatar

Latest Stories

We use cookies to give you the best possible experience. Learn more