'നിങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ ഫലമാണിത്'; സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകയെ തെരുവില്‍ വിചാരണ ചെയ്ത് ആക്ടിവിസ്റ്റ്
World News
'നിങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ ഫലമാണിത്'; സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകയെ തെരുവില്‍ വിചാരണ ചെയ്ത് ആക്ടിവിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 2:17 pm

ഗസ: റഫ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തക ക്ലാരിസ വാഡിനെതിരെ പ്രതിഷേധിച്ച് ആക്ടിവിസ്റ്റ് സെയ്ന്‍ റഹ്‌മ. ക്ലാരിസക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന റഹ്‌മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാശ്ചാത്യ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ തിക്തഫലമാണ് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറബികളെ തെറ്റായി ചിത്രീകരിച്ചെന്നും സെയ്ന്‍ റഹ്‌മ വീഡിയോയില്‍ പറയുന്നു.

ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ സി.എന്‍.എന്‍, ഫോക്‌സ്, സ്‌കൈ ന്യുസ് തുടങ്ങിയ ചാനലുകള്‍ ഹമാസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

ഫാക്ട് ചെക്കിങ്ങിലൂടെ യാഥാര്‍ത്ഥ്യം പുറത്തുവന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആളുകള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്ലാരിസ വാഡ് ഇതിനകം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മാധ്യമ പ്രവര്‍ത്തകയാണ്.


‘എന്നോട് ഒരു മനുഷ്യനോടെന്ന പോലെ സംസാരിക്കൂ. നിങ്ങളിപ്പോള്‍ ഒരു അധിനിവേശമാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍, നിങ്ങള്‍ അറബികളെ തെറ്റായി വ്യാഖ്യാനിച്ചതിന്റെയും നിങ്ങളുടെ മൗനത്തിന്റെയും ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഈ കഥയുണ്ടാക്കിയത് നിങ്ങളാണ്, ഐക്യരാഷ്ട്ര സഭയും ഹോളിവുഡും നിങ്ങളുടേതാണ്. ഈ വായ്‌മൊഴികളെല്ലാം നിങ്ങളുടേതാണ്. പറയൂ, എവിടെയാണ് ഞങ്ങളുടെ ശബ്ദം? അതുറക്കെ കേള്‍ക്കണം. നിങ്ങള്‍ അത് കവര്‍ ചെയ്യൂ. സത്യാവസ്ഥ പുറത്തുകൊണ്ടുവരൂ.

ഞങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണുന്നുണ്ട്. ഞങ്ങളെ വിട്ടുപോയവരെയോര്‍ത്ത് വിലപിക്കുന്നതിനുപകരം, ഈ ഫലസ്തീനിയന്‍ കുട്ടികളെയോര്‍ത്ത് വിലപിക്കുന്നതിനുപകരം, നിങ്ങള്‍ അറബികളെ കൂടുതല്‍ മനുഷ്യത്വരഹിതമാക്കുന്നതിന് ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്,’ സെയ്ന്‍ റഹ്‌മ വീഡിയോയില്‍ പറയുന്നു.

ഗസയിലെ ജനങ്ങളെ സഹായിക്കാന്‍ ഈജിപ്തുകാരും അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളും അതിര്‍ത്തിക്കപ്പുറത്തേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്രഈല്‍ അധികൃതര്‍ റഫ അതിര്‍ത്തി അടച്ചും ബോംബാക്രമണം നടത്തുകയുമാണ് ചെയ്യുന്നതെന്നും അതിനാല്‍ അതിര്‍ത്തി തുറന്നാലും സഹായ ട്രക്കുകള്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയില്ലെന്നും സെയ്ന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Content Highlights: In a viral video, a protester accuses CNN’s Clarissa Ward of bias reporting