| Sunday, 2nd February 2020, 4:50 pm

രാജ്യത്ത് ഇത് ആദ്യം; ഭരണഘടനയുടെ ആമുഖം ചുമരില്‍ സ്ഥാപിച്ച് മുംബൈയിലെ മഹിം ദര്‍ഗ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചുമരില്‍ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ച് മുംബൈയിലെ പ്രശ്‌സതമായ മഹിം ദര്‍ഗ. രാജ്യത്ത് ആദ്യമായാണ് ഒരു ആരാധനാലയമന്ദിരത്തില്‍ ഭരണഘടനയുടെ ആമുഖം സ്ഥാപിക്കുന്നത്. ഹസ്രത് മഖ്ദും അലി മഹിന്‍മിയുടെ 607-ാം ഉറുസിനോടനുബന്ധിച്ചാണ് ഭരണഘടനയുടെ ആമുഖം ദര്‍ഗയുടെ ചുമരില്‍ അനാവരണം ചെയ്തത്. ചടങ്ങിനോടനുബന്ധിച്ച് ദേശീയ പതാകയുയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

മതപണ്ഡിതരും മതേതരവാദികളും അഭിഭാഷകരുമടക്കം നിരവധി പേരാണ് ചടങ്ങിനെത്തിച്ചേര്‍ന്നത്. പരിപാടിക്കെത്തിയ എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് ആമുഖം ഉറക്കെ വായിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്തുന്നതിനും രാജ്യത്തോടുള്ള ഐക്യം പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ദര്‍ഗയുടെ ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്തുന്നതിന് കൂടിയാണ് ഇത് ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമ്മള്‍ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി നിലനില്‍ക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഭരണഘടനയുടെ ആമുഖം. നീതി സ്വാതന്ത്ര്യം സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആമുഖം നമ്മളോട് പറയുന്നു.’ അഭിഭാഷകനായ റിസ്‌വാന്‍ പറഞ്ഞു.

ഭരണഘടന പാലിക്കുക എന്നത് എല്ലാ മതവിഭാഗങ്ങളുടെയും കടമയാണെന്നും എല്ലാ മതകേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കണമെന്നും അത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ മതകേന്ദ്രങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മതാഘോഷപരിപാടികളില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന് മതനേതാക്കള്‍ ഉള്‍പ്പെടെ ആഹ്വാനം ചെയ്യുന്നുണ്ട്.

DoolNews Video

We use cookies to give you the best possible experience. Learn more