| Tuesday, 7th June 2016, 6:18 pm

26/11 മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോങ്: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ചൈന ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത്. ചൈനയുടെ സ്റ്റേറ്റ് ടെലിവിഷനായ സി.സി.ടി.വി 9 അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ് ആക്രമണത്തിന് പിന്നിലുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടേയും പാക്കിസ്ഥാന്റേയും പങ്കിനെ കുറിച്ച് പറയുന്നത്.

ലോകത്തെ നടുക്കി 2008 നവംബര്‍ 26 മുതല്‍ 29 വരെ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, അവിടുത്തെ തീവ്രവാദ നേതാക്കള്‍ എന്നിവരുടെ പങ്കിനെ കുറിച്ച് ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തിനെതിരെ യു.എന്‍ രംഗത്ത് വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ലഖ്‌വിയെ മോചിപ്പിച്ച പാക്കിസ്ഥാനെതിരെ നടപടി വേണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ആവശ്യപ്പെട്ടതിനെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കിയുള്ള നിലപാടാണ് തങ്ങളുടേതെന്നായിരുന്നു ചൈനയുടെ അഭിപ്രായം.

പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് ചില സംശയങ്ങളുമുണ്ട്. എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന സൂചന.

We use cookies to give you the best possible experience. Learn more