ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.
പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് പറഞ്ഞു. അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
വിജയ് ബാബു കേസില്‍ അമ്മ സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയില്‍ നിന്നും ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി എന്നിവര്‍ രാജി വെച്ചിരുന്നു.
നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സണായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.
ഹരീഷ് പേരടിയുടെ കുറിപ്പ്
അമ്മയുടെ പ്രിയപ്പെട്ട പ്രസിണ്ടന്റ്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…
എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു…സ്‌നേഹപൂര്‍വ്വം-ഹരീഷ്‌പേരടി..
Content Highlight: In a Facebook post, Harish perai requested to withdraw his primary membership in the film organization Amma