കണ്ണൂര്‍: പോക്‌സോ നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്. 2019-20 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 73.89 ശതമാനം കേസുകളും ശിക്ഷിക്കപ്പെടുന്നതായി കമ്മിഷന്‍ പറയുന്നത്.
2019ല്‍ 1406 പോക്‌സോ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 1093 കേസുകളിലും ശിക്ഷ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 167 കേസുകളില്‍ മാത്രമാണ് പ്രതികളെ വെറുതെവിട്ടത്. 146 കേസുകള്‍ മറ്റ് വിധത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മാത്രമാണ് സാധാരണയായി രാജ്യത്ത് ഇത്രയധികം കേസുകളില്‍ ശിക്ഷ ലഭിക്കാറ്.
കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോക്‌സോ നിയമം വഴി ചുമത്തപ്പെടുന്ന കേസുകളില്‍ കൂടുതല്‍ എണ്ണം ശിക്ഷിക്കപ്പെടുന്നുണ്ട്.
ശിക്ഷാനിരക്കില്‍ വര്‍ധനവുണ്ടെങ്കിലും മറ്റ് കേസുകളിലെ പോലെത്തന്നെ പോക്‌സോ കേസിലും വിചാരണ വൈകുന്നതായി ബാലാവകാശ കമ്മിഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
2012ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായി പോക്‌സോ നിയമം നിലവില്‍ വന്നത്. പോക്‌സോ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 8678 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 7271 എണ്ണവും (83.78%) തീര്‍പ്പാകാതെ കിടക്കുകയാണ്.
മിക്ക പോക്‌സോ കേസുകളിലും 29, 30 ഉപവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ ഉറപ്പുവരുത്തുന്നത്. മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി പ്രതികള്‍ കുറ്റക്കാരാണെന്ന മുന്‍ധാരണയിലാണ് വിചാരണ നടത്തുക. ലൈഗികാതിക്രമം നേരിട്ട കുട്ടി കള്ളം പറയില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. 29ാം വകുപ്പ് പ്രകാരം, കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് പ്രതികളുടെ ബാധ്യതയാണ്.
2019ല്‍ വിവിധ ജില്ലകളില്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളുടെ വിവരങ്ങള്‍
ജില്ല, തീര്‍പ്പാക്കിയ കേസുകള്‍, ശിക്ഷിച്ചത് എന്ന ക്രമത്തില്‍
തിരുവനന്തപുരം 27 27
കൊല്ലം 183 142
പത്തനംതിട്ട 74 66
ആലപ്പുഴ 43 37
കോട്ടയം 74 47
ഇടുക്കി 33 19
എറണാകുളം 181 146
തൃശ്ശൂര്‍ 32 12
പാലക്കാട് 153 122
മലപ്പുറം 121 107
കോഴിക്കോട് 222 174
വയനാട് 110 99
കണ്ണൂര്‍ 76 48
കാസര്‍കോട് 77 47