|

ആര്യന്‍ ഖാന്‍ കേസിലെ സാക്ഷികള്‍ 2020 മുതല്‍ എന്‍.സി.ബിയുടെ സ്ഥിരം സാക്ഷികള്‍; റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2020 മുതല്‍ എന്‍.സി.ബി ചാര്‍ജ് ചെയ്യുന്ന ലഹരിക്കേസുകളിലെ സ്ഥിരം സാക്ഷികളാണ് ആര്യന്‍ ഖാന്‍ കേസിലെ അഞ്ച് സാക്ഷികളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.പി. ഗോസാവി, ആദില്‍ ഫസല്‍ ഉസ്മാനി, മനിഷ് ഭാനുഷാലി, പ്രഭാകര്‍ സെയ്ല്‍, ഓബ്രെ ഗോമസ്, വി. വെയ്ഗങ്കര്‍, അപര്‍ണാ റാണെ, പ്രകാശ് ബഹാദുര്‍, ഷുഹൈബ് ഫായിസ്, മുസമ്മില്‍ ഇബ്രാഹിം എന്നിവരാണ് ആര്യന്‍ ഖാന്‍ പ്രതി ചേര്‍ക്കപ്പെട്ട ആഡംബര ലഹരിക്കടത്ത് കേസിലെ പത്ത് സാക്ഷികള്‍.

ഇതില്‍ കെ.പി. ഗോസാവിയുടെ ഇടപാടുകളിലെ സംശയം ഇതിനോടകം പുറത്തായിട്ടുണ്ട്.

ആദില്‍ ഫസല്‍ ഉസ്മാനി, ആര്യന്‍ ഖാന്‍ കേസിനുമുന്‍പ് അഞ്ച് കേസുകളില്‍ സാക്ഷിയായിരുന്നെന്ന് രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 36/2020, 38/2020, 27/2021, 35/2021, 38/2021 എന്നീ നമ്പറുകളിലെ കേസുകളില്‍ ആദില്‍ ഫസല്‍ സാക്ഷിയാണ്.

മറ്റൊരു സാക്ഷിയായ ഭാനുഷാലി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഇത്തരം സാക്ഷികളെ ഹാജരാക്കുന്നതില്‍ തെറ്റില്ലെന്നും സ്വതന്ത്ര സാക്ഷികളെ മുന്‍പും ഹാജരാക്കാറുണ്ടെന്നുമാണ് എന്‍.സി.ബി വാദം.

അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയുടെ കേസുകളിലെ സ്ഥിരം സാക്ഷികളിലൊരാളയ ഫ്‌ളെച്ചര്‍ പട്ടേലും ഇത് സാധൂകരിച്ച് രംഗത്തെത്തിയിരുന്നു. താനൊരു മുന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും പട്ടേല്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു പട്ടേല്‍ ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ കോടതികള്‍ പലപ്പോഴും ഇത്തരം സാക്ഷികളെ സ്വതന്ത്ര സാക്ഷികളായി പരിഗണിക്കാനാവില്ലെന്നും അവര്‍ ‘പൊലീസിന്റെ തള്ളവിരല്‍’ ആണെന്നും പറഞ്ഞിട്ടുണ്ട്.

അതേസമയം ലഹരിക്കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ശനിയാഴ്ച ജയില്‍മോചിതനായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: In 5 cases since last yr, NCB used same panch witness Aryan Khan