| Monday, 22nd April 2019, 3:06 pm

പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കൂ; പ്രജ്ഞാ സിങ് താക്കൂറിന് ബി.ജെ.പിയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂറിന് ബി.ജെ.പിയുടെ താക്കീത്. പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കണമെന്നാണ് പ്രജ്ഞയോട് ബി.ജെ.പി ആവശ്യപ്പെട്ടത്.

നാലു മണിക്കൂറോളം ബി.ജെ.പി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രജ്ഞയെ പാര്‍ട്ടി താക്കീത് ചെയ്തത്. പ്രകോപനപരമായ പരാമര്‍ശത്തിന്റെ പേരില്‍ പ്രജ്ഞയ്ക്ക് ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ട് നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും അവര്‍ ജയിലില്‍ പീഡനം നേരിട്ടെന്ന ആരോപണത്തില്‍ ഉറച്ചു നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി പ്രജ്ഞയെ താക്കീതു ചെയ്തത്.

1989 മുതല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍. കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങാണ് ഭോപ്പാലില്‍ പ്രജ്ഞയുടെ എതിരാളി. ഇവിടെ പ്രജ്ഞയെ ഉപയോഗിച്ച് ബി.ജെ.പി ധ്രുവീകരണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെയുമായും ബാബറി മസ്ജിദുമായും ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പ്രജ്ഞയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. 2008ലെ മലേഗാവ്‌സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രജ്ഞ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചത്.

സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചിരുന്നു.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നെന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് നോട്ടീസ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more