| Tuesday, 6th November 2012, 11:41 am

മൂന്ന് ദിവസംകൊണ്ട് 30 ലക്ഷം ഐപാഡുകള്‍ വിറ്റഴിച്ച് ആപ്പിള്‍ ചരിത്രം കുറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്‌ട്രോണിക്‌സ് മേഖലയിലെ രാജാക്കന്‍മാരായ ആപ്പിള്‍ ഐപാഡ് വിപണിയില്‍ വീണ്ടും ചരിത്രം കുറിച്ചു. ആഴ്ചയുടെ അവസാന മൂന്ന്‌ ദിവസത്തിനിടെ 30 ലക്ഷം ഐപാഡുകളാണ് വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞമാസം ആപ്പിള്‍ അവതരിപ്പിച്ച ഐപാഡ് മിനിയും നാലാം തലമുറ ടാബ്‌ലറ്റുമാണ് വിപണിയില്‍ വന്‍കുതിപ്പ് നടത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ കടുത്ത മത്സരങ്ങളെ അതിജീവിച്ചാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ഐപാഡ് മിനിയും നാലാം തലമുറ ഐപാഡും ഏറെ ഇഷ്ടമായതായും ഇത് തങ്ങള്‍ക്കുള്ള പുതിയ അംഗീകാരമാണെന്നും സി.ഇ.ഒ. ടിം കുക്ക് പറഞ്ഞു.[]

തങ്ങളുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ ആദ്യ ആഴ്ചയില്‍ വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളതെന്നും ഐപാഡ് മിനിയും ഇങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിക്കാര്‍ഡ് വില്പന നേടാനായത് ആപ്പിളിന്റെ ഗുണമേന്മയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസമാണ് വ്യക്തമാക്കുന്നത്.

ഉപഭോക്താക്കളുടെ ഓര്‍ഡര്‍ അനുസരിച്ച് കൃത്യസമയത്ത് തന്നെ ഐപാഡ് വിപണിയില്‍ എത്തിക്കുവാന്‍ കമ്പനി കഠിന ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം 34 രാജ്യങ്ങളിലെ വിപണിയില്‍ ഐപാഡ് എത്തിക്കഴിഞ്ഞു.

We use cookies to give you the best possible experience. Learn more