| Monday, 2nd December 2024, 9:51 pm

2024ല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ തകര്‍ത്തത് ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 1528 കെട്ടിടങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് ബാങ്കിലെ 1528 കെട്ടിടങ്ങള്‍ ഇസ്രഈല്‍ തകര്‍ത്തതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഇസ്രഈലിന്റെ ബുള്‍ഡോസിങ് നടപടി മൂലം വെസ്റ്റ് ബാങ്കില്‍ നിന്ന് 3637 ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബാങ്കില്‍ കഴിയുന്ന ഫലസ്തീനികളുടെ വീടുകള്‍ ഉള്‍പ്പെടെയാണ് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ് തകര്‍ത്തത്.

700 ജനവാസ കേന്ദ്രങ്ങള്‍, 398 കാര്‍ഷിക കേന്ദ്രങ്ങള്‍, 205 വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയാണ് ഐ.ഡി.എഫ് തകര്‍ത്ത കെട്ടിടങ്ങളുടെ പട്ടികയിലുള്ളത്. തുല്‍ക്കാം എന്ന ഗ്രാമത്തിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് സൈന്യം ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടത്തിയിട്ടുള്ളത്.

തുല്‍ക്കാമില്‍ മാത്രമായി 171 കേന്ദ്രങ്ങളാണ് ഇസ്രഈല്‍ തകര്‍ത്തത്. നൂര്‍ഷംസ് അഭയാര്‍ത്ഥി ക്യാമ്പിലെ 188 ഫലസ്തീന്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളും ഐ.ഡി.എഫ് തകര്‍ത്തിട്ടുണ്ട്.

ഗസയിലെ വംശഹത്യ ആറ് മാസം പിന്നിട്ട കാലയളവ് മുതല്‍ ഇസ്രഈല്‍ യുദ്ധം അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ തെളിവുകള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫലസ്തീന്‍ അതോറിറ്റിക്ക് അധികാരമുണ്ടായിട്ടും വെസ്റ്റ് ബാങ്കിന്റെ സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളുടെ നിയന്ത്രണം ഇസ്രഈല്‍ ഭരണകൂടത്തിന്റെ കൈകളിലാണ്. ഇതിനുപുറമെ പ്രദേശത്തെ ഇസ്രഈലി കുടിയേറ്റക്കാര്‍ സൈനികര്‍ക്കൊപ്പം നിലകൊണ്ടും അല്ലാതെയും ഫലസ്തീനികളെ ആക്രമിക്കുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇത്തരത്തില്‍ ഫലസ്തീനികളെ അതിക്രമിക്കുന്ന ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസ നിയന്ത്രണം അടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് സൈന്യത്തിന്റെ ബുള്‍ഡോസിങ് നടപടി 40,557 ഫലസ്തീനികളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. പെര്‍മിറ്റുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ഡി.എഫിന്റെ പൊളിക്കല്‍ നടപടി.

ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആണ് വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്. 2024 ജനുവരിയില്‍ തന്നെ ഫലസ്തീനിലെ ഇസ്രഈലിന്റെ ബുള്‍ഡോസിങ് നടപടി തടയണമെന്ന് യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര കോടതികള്‍, ഐക്യരാഷ്ട്ര സംഘടന, മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ഉത്തരവുകളും ലംഘിച്ചുകൊണ്ടാണ് ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലെ അധിനിവേശം കടുപ്പിക്കുന്നത്.

Content Highlight: In 2024, Israel demolished 1,528 Palestinian-owned buildings in the West Bank

We use cookies to give you the best possible experience. Learn more