2023ല്‍ കോഹ്‌ലിക്ക് മറ്റൊരു റെക്കോഡ്; ഇതിഹാസത്തെ മറികടക്കാന്‍ ഇനി ഒരു സെഞ്ച്വറി ദൂരവും
ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. 167.7 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മികച്ച പ്രകടനം കാഴ്ചവെച്ചത്. ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസാണ് എടുത്തത്.
രോഹിത്തിന് ശേഷം വന്ന വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 59 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഹ്‌ലി. ഒരു സിക്‌സറും ആറ് ബൗണ്ടറികളുമടക്കമാണ് താരം ഫിഫ്റ്റി നേടിയത്. ഇതോടെ മറ്റൊരു റെക്കോഡും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. 2023 ലോകകപ്പില്‍ 600ല്‍ അധികം റണ്‍സ് നേടുന്ന ആദ്യ താരമാവുകയാണ് കിങ്. ഇതോടെ 2023 ആഗോള ടൂര്‍ണമെന്റില്‍ 600 റണ്‍സിലധികം നേടുന്ന ആദ്യ താരമായ കോഹ്‌ലി തന്റെ ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്.
ഇവിടം കൊണ്ടും തീരുന്നില്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏകദിന ലോകകപ്പിലെ 49 സെഞ്ച്വറി മറികടക്കാനും കോഹ്‌ലി ഒരുങ്ങിക്കഴിഞ്ഞു. കിവീസിനെതിരെ നിര്‍ണായക മത്സരത്തില്‍ ഈ അപൂര്‍വ നേട്ടം കൈവരിക്കാന്‍ ഇനി കോഹ്‌ലിക്ക് ചുരുങ്ങിയ റണ്‍സിന്റെ അകലം മാത്രമാണ് ഉള്ളത്. റെണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് ഇതിനോടകം രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് നേടിയിരിക്കുന്നത്.
ഓപ്പണിങ്ങില്‍ ഇറങ്ങിയ ഗില്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ആദ്യ സെമി ഫൈനലില്‍ 65 പന്തില്‍ നിന്ന് 79 റണ്‍സ് എടുത്ത് മിന്നും പ്രകടനമാണ് ഗില്‍ തുടര്‍ന്നത്. എന്നാല്‍ കാലിന് പറ്റിയ പരിക്ക് മൂലം ഗില്‍ മാറി നില്‍ക്കുകയായിരുന്നു. പകരം ഇറങ്ങിയ ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ കോഹ്‌ലിക്ക് പിന്തുണനല്‍കുന്നുണ്ട്. മത്സരം പുരോഗമിക്കുമ്പോള്‍ ക്രീസില്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരുമാണ് ഉള്ളത്. നിലവില്‍ കളി തുടരുമ്പോള്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് പിന്നിട്ടിരിക്കുകയാണ്.
Content Highlight: In 2023, Virat Kohli won another record