വിദ്വേഷപ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍; 668ല്‍ മഹാരാഷ്ട്രയില്‍ മാത്രം 118 പ്രസംഗങ്ങള്‍
national news
വിദ്വേഷപ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍; 668ല്‍ മഹാരാഷ്ട്രയില്‍ മാത്രം 118 പ്രസംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2024, 11:22 am

ന്യൂദല്‍ഹി: 2023ല്‍ രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട വിദ്വേഷപ്രസംഗങ്ങളില്‍ 75 ശതമാനവും ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലെന്ന് റിപ്പോര്‍ട്ട്.
2023ല്‍ മാത്രമായി 668 വിദ്വേഷപ്രസംഗങ്ങളാണ് ന്യൂന പക്ഷങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതെന്ന് അമേരിക്ക ആസ്ഥാനമാക്കിയ ഇന്ത്യാ ഹേറ്റ് ലാബിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2023ലെ മാത്രം കണക്കിനെ വിഭജിക്കുമ്പോള്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് ഫയല്‍ ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 2023ന്റെ ആദ്യപകുതിയില്‍ 255 വിദ്വേഷപ്രസംഗങ്ങളും രണ്ടാം പകുതിയില്‍ അത് 413 ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന ദല്‍ഹി അടക്കമുള്ള ഇടങ്ങളില്‍ 498 വിദ്വേഷപ്രസംഗങ്ങളുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ആകെ വിദ്വേഷപ്രസംഗങ്ങളുടെ 75 ശതമാനത്തോളം വരും.

239 (36 ശതമാനം) വിദ്വേഷപ്രസംഗങ്ങളും മുസ്ലിങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഉള്ളതാണ്. 420 (63 ശതമാനം) വിദ്വേഷപ്രസംഗങ്ങള്‍ ലവ്ജിഹാദ്, ഹലാല്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ജനസംഖ്യാ ജിഹാദ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. അതേസമയം 169 (25 ശതമാനം) വിദ്വേഷപ്രസംഗങ്ങള്‍ മുസ്ലിം സമുദായത്തിന്റെ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതണ്.

വിദ്വേഷ പ്രസംഗങ്ങളില്‍ 46 ശതമാനവും ബി.ജെ.പി നേതാക്കളുടേതാണ്. ബി.ജെ.പി എം.എല്‍.എമാരായ ടി. രാജ സിങ്, നിതേഷ് റാണെ, പ്രവീണ്‍ തൊഗാഡിയ, കാജല്‍ ഷിംഗാല, സുദര്‍ശന്‍ ന്യൂസ് സ്ഥാപനത്തിന്റെ ഉടമ സുരേഷ് ചാവ്ഹാങ്കെ തുടങ്ങിയവരും, ഇവര്‍ക്ക് പുറമെ സന്ന്യാസിമാരായ യതി നര്‍സിംഹാനന്ദ്, കാളിചരണ്‍ മഹാരാജ്, സാധ്വി സരസ്വതി മിശ്ര എന്നിവരുമാണ് വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത്.

രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന കാലയളവിലാണ് ഏറ്റവും അധികം വിദ്വേഷപ്രസംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബി.ജെ.പി ഭരണത്തിലുള്ള മഹാരാഷ്ട്രയില്‍ 118 പ്രസംഗങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlight: In 2023, 75% of the hate speech recorded in the country will be in BJP-ruled states, according to the report