| Thursday, 10th October 2024, 8:11 pm

2023ല്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള 60 ശതമാനം പി.എസ്.സി നിയമനങ്ങളും കേരളത്തില്‍: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം രാജ്യത്താകെ നടന്നിട്ടുള്ള പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍-പൊതുമേഖലാ നിയമനങ്ങളെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും അത് കൊണ്ടാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നിയമനം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും റിസര്‍വേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രൊഫഷണലുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് കേരളത്തിലെ നഗരങ്ങളാണെന്നും യഥാക്രമം തിരുവനന്തപുരവും കൊച്ചിയുമാണ് അതെന്നും മന്ത്രി പറഞ്ഞു. 2024ലെ ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തിലധികം തസ്തികകളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം പതിനായിരത്തിലധികം തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

2023ല്‍ കേരളത്തില്‍ മുപ്പതിനായിരത്തിലധികം നിയമനങ്ങള്‍ നടന്നപ്പോള്‍ തമിഴ്‌നാട്ടില്‍ 12000ത്തോളം നിയമനങ്ങളും തെലങ്കാനയില്‍ കേവലം ആയിരത്തില്‍ താഴെയും സര്‍ക്കാര്‍ നിയമനങ്ങളാണ് നടന്നതെന്നും മലയാള മനോരമയുടെ വാര്‍ത്ത ഉയര്‍ത്തിക്കാട്ടികൊണ്ട് മന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ കേവലം നാലായിരത്തോളം നിയമനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നടന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്താകെ സര്‍ക്കാര്‍ ജോലികളിലേക്ക് നടന്നിട്ടുള്ള നിയമനങ്ങളുടെ 60 ശതമാനവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

സംവരണ വിഭാഗങ്ങള്‍ക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതായി നില്‍ക്കുന്നത് കേരള പി.എസ്.സിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: In 2023, 60 percent of PSC appointments in India will be in Kerala: Minister K.N. Balagopal

We use cookies to give you the best possible experience. Learn more