2022ല്‍ ലോകത്ത് വധശിക്ഷകള്‍ 53 ശതമാനം വര്‍ധിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആംനസ്റ്റി ഇന്‍ര്‍നാഷണല്‍
World News
2022ല്‍ ലോകത്ത് വധശിക്ഷകള്‍ 53 ശതമാനം വര്‍ധിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആംനസ്റ്റി ഇന്‍ര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 10:01 pm

ലണ്ടന്‍: 2022ല്‍ ലോകത്ത് വധശിക്ഷകള്‍ 53 ശതമാനം വര്‍ധിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആംനസ്റ്റി ഇന്‍ര്‍നാഷണല്‍. 2017ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന വധശിക്ഷാ നിരക്കാണ് കഴിഞ്ഞ വര്‍ഷത്തേത്.20 രാജ്യങ്ങളിലായി കഴിഞ്ഞ വര്‍ഷം 883 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇറാനിലും സൗദി അറേബ്യയിലുമാണ് വധശിക്ഷകളില്‍ വലിയ വര്‍ധനവുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും കഴിഞ്ഞ വര്‍ഷം വധശിക്ഷകള്‍ 59 ശതമാനം വര്‍ധിച്ചെന്ന ആശങ്കയും ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ പുറത്തിറക്കിയ വീഡിയോയില്‍ പങ്കുവെച്ചു.

2021ല്‍ ഇറാനില്‍ 314 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍, 2022ല്‍ ഇത് 576 ആയി ഉയര്‍ന്നു. 83 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊലക്കേസ്, ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും വധശിക്ഷ വിധിച്ചത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാകെ നടപ്പാക്കിയ വധശിക്ഷകളുടെ 70 ശതമാനവും ഇറാനിലാണെന്നതും ശ്രദ്ധേയമാണ്.

സമാനമായി സൗദി അറേബ്യയില്‍ 2021ല്‍ 65 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍, 2022ല്‍ ഇത് 196 എന്ന കണക്കിലേക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു. സൗദി ഒരു ദിവസം പരമാവധി 81 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാര്‍ച്ച് 12നാണ് ഈ കൂട്ടക്കുരുതി നടപ്പാക്കിയത്.

ലഭ്യമായ കണക്കുകള്‍ പ്രകാരം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പുതുതായി വധശിക്ഷകള്‍ നടപ്പാക്കിയ രാജ്യം ഇന്തോനേഷ്യയാണ്. ചൈന, വിയറ്റ്‌നാം, ഇറാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ പേരും ശിക്ഷിക്കപ്പെട്ടത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ്.

ചൈനയില്‍ പ്രതിവര്‍ഷം ആയിരത്തോളം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ട്. സമാനമായി നോര്‍ത്ത് കൊറിയയിലും വിയറ്റ്‌നാമിലും രഹസ്യമായി ഇത്രത്തോളം പേരെ തന്നെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കസാഖിസ്ഥാന്‍, പാപുവ ന്യൂഗിനിയ, സിയേറ ലിയോണ്‍, സെന്‍ട്രല്‍ ആഫ്രിക്ക റിപബ്ലിക് എന്നിവിടങ്ങളില്‍ വധശിക്ഷ പൂര്‍ണമായും ഒഴിവാക്കിയത് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന നടപടിയാണെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlights: In 2022, Amnesty recorded the highest numbers of global executions since 2017