ബാലണ്‍ ഡി ഓര്‍ കൃത്യമല്ല; മെസിയോ റൊണാള്‍ഡോയോ അല്ല, ആ ഗോള്‍കീപ്പറായിരുന്നു അന്ന് വിജയിക്കേണ്ടത്; മറഡോണ പറഞ്ഞത്
Sports News
ബാലണ്‍ ഡി ഓര്‍ കൃത്യമല്ല; മെസിയോ റൊണാള്‍ഡോയോ അല്ല, ആ ഗോള്‍കീപ്പറായിരുന്നു അന്ന് വിജയിക്കേണ്ടത്; മറഡോണ പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 4:08 pm

തന്റെ കരിയറിലെ മൂന്നാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ് റൊണാള്‍ഡോ 2014ല്‍ സ്വന്തമാക്കിയത്. 2014ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെയാണ് താരത്തെ തേടി പുരസ്‌കാര നേട്ടമെത്തിയത്. ആ വര്‍ഷം മെസിയും അവസാന മൂന്നില്‍ ഇടം നേടിയിരുന്നു.

എന്നാല്‍ ആ വര്‍ഷം റൊണാള്‍ഡോക്കോ മെസിക്കോ ആയിരുന്നില്ല പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അഭിപ്രായപ്പെട്ടിരുന്നു. അന്ന് ആദ്യ മൂന്നില്‍ ഇടം നേടിയ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറായിരുന്നു പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് മറഡോണ അഭിപ്രായപ്പെട്ടത്.

 

2016ല്‍ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യം പറഞ്ഞത്.

‘ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നിര്‍ണയം കൃത്യമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഉദാഹരണത്തിന് 2014ല്‍ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം മാനുവല്‍ നൂയറും ഫൈനലിസ്റ്റായി ഇടം നേടിയിരുന്നു. അവനായിരുന്നു അന്ന് പുരസ്‌കാരം നേടേണ്ടിയിരുന്നത്. അന്ന് അവന്‍ ലോകകപ്പ് നേടിയിരുന്നു,’ മറഡോണ പറഞ്ഞു.

ബ്രസീല്‍ ആതിഥേയരായ 2014 ലോകകപ്പിലാണ് ജര്‍മനി കിരീടമണിഞ്ഞത്. അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തായിരുന്നു ജര്‍മനിയുടെ വിജയം.

മാരക്കാനയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് കടന്നു. ജര്‍മന്‍ പരിശീലകന്‍ ജോക്കിം ലോയുടെ ലെജന്‍ഡറി സബ്‌സ്റ്റിറ്റിയൂഷന്‍ അര്‍ജന്റീനയെ തകര്‍ക്കുമെന്ന് ആരും കരുതിയില്ല.

മത്സരത്തിന്റെ 113ാം മിനിട്ടില്‍ മരിയോ ഗോട്‌സെയിലൂടെ മുമ്പിലെത്തിയ ജര്‍മനി ശേഷിച്ച ഏഴ് മിനിട്ടും ആ ലീഡ് നിലനിര്‍ത്തി കിരീടമണിയുകയായിരുന്നു.

അതേസമയം, രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി മെസിയും റൊണാള്‍ഡോയുമില്ലാത്ത ബാലണ്‍ ഡി ഓറിന്റെ സാധ്യതാ പട്ടിക പുറത്തുവന്നിരിക്കുകയാണ്. 2003 മുതല്‍ ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പെട്ടികയില്‍ ഇരുവരും എല്ലായ്പ്പോഴും ഇടം നേടിയിരുന്നു.

മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനകൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.

ഇത്തവണ പുരസ്‌കാരം നേടുന്നത് ആരായാലും കരിയറിലെ ആദ്യ ബാലണ്‍ ഡി ഓറാകും കയ്യിലേറ്റുവാങ്ങുന്നത്.

 

Content Highlight: In 2016, Maradona opined that Manuel Neuer should have won the 2014 Ballon d’Or.