| Saturday, 8th June 2024, 12:55 am

21 വര്‍ഷം മുമ്പേ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ്, ഇപ്പോള്‍ അയര്‍ലന്‍ഡ്; ആദ്യ ജയം എപ്പോഴും റോയലാക്കുന്ന കനേഡിയന്‍ മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി കാനഡ. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് കാനഡ വിജയിച്ചുകയറിയത്. കാനഡ ഉയര്‍ത്തിയ 138 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ കാനഡയുടെ ആദ്യ വിജയമാണിത്. ഈ വിജയം ഒരു ടെസ്റ്റ് പ്ലെയിങ് നേഷനെതിരെ നേടിയെന്ന പ്രത്യേകതയും കാനഡയുടെ ഈ ചരിത്രനേട്ടത്തിനുണ്ട്.

അയര്‍ലന്‍ഡിന് ടെസ്റ്റ് പദവി ലഭിച്ച ശേഷം രണ്ട് ടി-20 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഈ രണ്ട് മത്സരത്തിലും കാനഡ തന്നെയാണ് വിജയം സ്വന്തമാക്കിയതും.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കാനഡ ഒരു മത്സരത്തില്‍ വിജയിക്കുന്നതെങ്കിലും രണ്ട് പതിറ്റാണ്ട് മുമ്പേ ഏകദിന ലോകകപ്പില്‍ കാനഡ വരവറിയിച്ചിരുന്നു. 2003 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ലോകകപ്പില്‍ കാനഡ ആദ്യ ജയം സ്വന്തമാക്കുന്നത്.

ഡര്‍ബനിലെ കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കാനഡ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ 180 റണ്‍സ് മാത്രമാണ് കാനഡക്ക് നേടാന്‍ സാധിച്ചത്. 42 റണ്‍സടിച്ച ഇയാന്‍ ബില്‍ക്ലിഫാണ് ടോപ് സ്‌കോറര്‍.

ബംഗ്ലാദേശിനായി സനൗര്‍ ഹൊസൈന്‍, മഷ്‌റാഫെ മൊര്‍താസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അലോക് കപാലി, മുഹമ്മദ് റഫീഖ്, മഞ്ജുറുല്‍ ഇസ്‌ലാം, തപഷ് ബൈസ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

300 പന്തില്‍ 181 എന്ന വിജയലക്ഷ്യം ബംഗ്ലാദേശ് അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ഓസ്റ്റിന്‍ കോറിങ്ടണ്‍ എന്ന വലം കയ്യന്‍ മീഡിയം പേസര്‍ കടുവകളെ തടഞ്ഞുനിര്‍ത്തി. മൂന്ന് മെയ്ഡന്‍ അടക്കം ഒമ്പത് ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത്.

ജോണ്‍ ഡേവിസണും ഡേവിസ് ജോസഫും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ സഞ്ജയന്‍ തുരൈസിംഗം ഒരു വിക്കറ്റും നേടി.

പത്താം വിക്കറ്റ് വീഴുമ്പോള്‍ 120 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഇതോടെ തങ്ങളുടെ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയമാണ് കാനഡ കിങ്‌സ്മീഡില്‍ കുറിച്ചത്.

അതേസമയം, അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡ നിക്കോളാസ് കിര്‍ടോണിന്റെ മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 35 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറും അടക്കമാണ് 49 റണ്‍സാണ് കിര്‍ടോണ്‍ നേടിയത്. 37 റണ്‍സടിച്ച ക്യാപ്റ്റന്‍ ശ്രേയസ് മൊവ്വയാണ് ടീമിന്റെ മറ്റൊരു മികച്ച സ്‌കോറര്‍.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തിയും ക്രെയ്ഗ് യങ്ങും രണ്ട് വിക്കറ്റ് വീതം നേടി. ഗാരത് ഡെലാനിയും മാര്‍ക് അഡയറുമാണ് മറ്റുള്ള വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം പാളി. വളരെ സാവധാനമാണ് സ്‌കോര്‍ ബോര്‍ഡ് ചലിച്ചത്. ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍സലിങ് വീണ്ടും നിരാശപ്പെടുത്തി. 17 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറും സൂപ്പര്‍ താരം ഹാരി ടെക്ടറിനും താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു.

മിഡില്‍ ഓര്‍ഡറില്‍ മാര്‍ക് അഡയറും ജോര്‍ജ് ഡോക്രെലുമാണ് ചെറുത്തുനിന്നത്. അഡയര്‍ 24 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ ഡോക്രല്‍ 23 പന്തില്‍ പുറത്താകാതെ 30 റണ്‍സും നേടി. എന്നാല്‍ ഈ ചെറുത്തുനില്‍പ് ഐറിഷ് പടയെ വിജയത്തിലെത്തിച്ചില്ല.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയില്‍ അയര്‍ലന്‍ഡ് പോരാട്ടം അവസാനിപ്പിച്ചു.

കാനഡക്കായി ജെറമി ഗോര്‍ഡനും ഡൈലണ്‍ ഹെയ്‌ലിഗറും രണ്ട് വിക്കറ്റ് വീതം നേടി. ലോര്‍കന്‍ ടക്കര്‍ റണ്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍, ജുനൈദ് സിദ്ദിഖി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടീമിന്റെ ടോപ് സ്‌കോററായ നിക്കോളാസ് കിര്‍ടോണാണ് കളിയിലെ താരം.

ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ പാകിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്തെത്താനും കാനഡക്കായി.

ജൂണ്‍ 11നാണ് കാനഡയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content highlight: In 2003, Canada won its first ODI World Cup match by defeating Bangladesh.

We use cookies to give you the best possible experience. Learn more