| Friday, 21st June 2019, 3:16 pm

2001നും 2016നും ഇടയില്‍ ഗുജറാത്തിലുണ്ടായത് 180 കസ്റ്റഡി മരണങ്ങള്‍: ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ലെന്ന് ഔദ്യോഗിക കണക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 16 വര്‍ഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്തത് 180 കസ്റ്റഡി മരണങ്ങളെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2001 മുതല്‍ 2016 വരെയുള്ള കണക്കുകളാണ് ലഭ്യമായത്. ഈ കേസുകളിലൊന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

രാജ്യവ്യാപകമായുള്ള കണക്കു നോക്കുകയാണെങ്കില്‍ ഇക്കാലയളവിലുണ്ടായ 1557 കസ്റ്റഡി മരണങ്ങളില്‍ 26 പൊലീസുകാര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുള്ള കോടതി വിധി വന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ ചര്‍ച്ചയാവുന്നത്.

സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത് പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. 1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.

സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്‍മാരും കസ്റ്റഡിയിലെടുത്തിരുന്നു.

ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളത്.

ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 1995ല്‍ കേസ് മജിസ്ട്രേറ്റിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തില്‍ 2011വരെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.

കഴിഞ്ഞദിവസമാണ് കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്.

Latest Stories

We use cookies to give you the best possible experience. Learn more