| Tuesday, 11th June 2024, 6:16 pm

ലോക്സഭാ തെരഞ്ഞെടുപ്പ്, എണ്ണിയത് പോൾ ചെയ്ത ഇ.വി.എം വോട്ടുകളേക്കാൾ കൂടുതൽ; ദി വയർ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഭൂരിഭാഗം ഇ.വി.എമ്മുകളിലും പൊരുത്തക്കേടുകൾ നടന്നെന്ന് ദി വയർ റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത ഇ.വി.എം വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണപ്പെട്ടെന്നാണ് റിപ്പോർട്ട്.

543 പോളിങ് സെന്ററുകളിൽ സ്വതന്ത്ര പത്രപ്രവർത്തക പൂനം അഗർവാൾ നടത്തിയ അന്വേഷണത്തിൽ ദാമൻ & ദിയു, ലക്ഷദ്വീപ്, കേരളത്തിലെ ആറ്റിങ്ങൽ തുടങ്ങിയ ചുരുക്കം ചില മണ്ഡലങ്ങൾ ഒഴികെ ബാക്കി എല്ലായിടത്തും പൊരുത്തക്കേടുകൾ നടന്നതായാണ് റിപ്പോർട്ട്.

140ൽ അധികം മണ്ഡലങ്ങളിൽ എണ്ണിയ ഇ.വി.എം വോട്ടുകളുടെ എണ്ണം, രേഖപ്പെടുത്തിയ വോട്ടുകളേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. അത് പോലെ രേഖപ്പെടുത്തിയെന്ന് പറയുന്നതിലും കുറവ് വോട്ടുകൾ എണ്ണിയ വോട്ടിങ് സെന്ററുകളും ഉണ്ട്.

അസമിലെ കരിംഗഞ്ജ് , ആന്ധ്രാപ്രദേശിലെ ഓങ്കോലെ, മധ്യപ്രദേശിലെ മണ്ഡല എന്നിവിടങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയത്. കരിംഗഞ്ചിൽ 3,811 വോട്ടുകളുടെയും ഓങ്കോലെയിൽ 1,467 വോട്ടുകളുടെയും മണ്ഡലയിൽ 1,089 വോട്ടുകളുടെയും വർധനവുണ്ടായെന്നാണ് റിപ്പോർട്ട്.

അതുപോലെ തമിഴ്‌നാട്ടിലെ തിരുവള്ളൂർ, അസമിലെ കൊക്രജാർ, ഒഡിഷയിലെ ദെങ്കനാൽ എന്നിട്ടിവിടങ്ങളിൽ രേഘപ്പെടുത്തിയ വോട്ടുകളേക്കാൾ കുറവ് വോട്ടുകളാണ് എണ്ണിയത്.

ഇ.വി.എമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം പുറത്ത് വിടാൻ വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ ഒരു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്.

വിവരം പുറത്ത് വിട്ടതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിവരത്തിൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയില്ലെന്നും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അതോടൊപ്പം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം എക്‌സിൽ വന്ന ഒരു പോസ്റ്റിന്റെ കമെന്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിവരങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാരണം എല്ലാ പോളിങ് സ്റ്റേഷനിലെ വോട്ടുകൾ എണ്ണപ്പെട്ടിട്ടില്ലെന്നും ഉത്തർപ്രദേശിലെ ഒരു ചീഫ് ഇലക്ട്രൽ ഓഫീസർ പറഞ്ഞിരുന്നു.

കൂടാതെ രണ്ട് തരത്തിലുള്ള തെറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട വിവരങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ വോട്ടെടുപ്പ് വിവരങ്ങൾക്ക് പകരം മോക്ക് പോളിലെ വോട്ടുകളുടെ എണ്ണം പോളിങ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ നൽകാൻ സാധ്യതയുണ്ടെന്നും അത് പൊരുത്തക്കേടുകൾ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും ഇ.വി.എമ്മിലെ നമ്പറും തമ്മിൽ വ്യത്യാസമുണ്ടാകുമ്പോഴും പുറത്തു വരുന്ന വിവരങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടിങ്ങിലെ പൊരുത്തക്കേടുകളെക്കുറിച്ച് പുറത്തു വരുന്ന വിമർശനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Content Highlight:  In 140 LS Seats, More EVM Votes Were Counted Than EVM Votes Polled

Latest Stories

We use cookies to give you the best possible experience. Learn more